ഹിമാചൽ ഫോട്ടോഫിനിഷിലേക്ക്; ബിജെപിക്ക് നേരിയ മുൻതൂക്കം
ബിജെപി 33 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്
ഷിംല: ഹിമാചൽ പ്രദേശിൽ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ബിജെപിക്ക് നേരിയ മുൻതൂക്കം. ലീഡ് ചെയ്യുമ്പോഴും കേവലഭൂരിപക്ഷത്തിലേക്ക് കടക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി 33 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 68 മണ്ഡലങ്ങളിലായി ആകെ 412 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.
നവംബർ 12ന് നടന്ന വോട്ടെടുപ്പിൽ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2017ൽ 75.6 ശതമാനം ആയിരുന്നു പോളിങ്. സംസ്ഥാനത്തെ ഇളക്കി മറിച്ച് ഒരു മാസം നീണ്ടുനിന്ന പ്രചാരണം നടത്തിയെങ്കിലും അതൊന്നും പോളിങിലേക്ക് എത്തിയില്ല എന്നായിരുന്നു പോളിങ് ശതമാനം സൂചിപ്പിച്ചിരുന്നത്.
മുഖ്യമന്ത്രി ജയറാം ഠാക്കൂർ, കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് സുഖ്‌വീന്ദർ സിങ് സുഖു, മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകൻ വികാരാദിത്യ സിങ്, മുകേഷ് അഗ്നിഹോത്രി തുടങ്ങിയ പ്രമുഖരുൾപ്പെടെ ജനവിധി തേടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരായിരുന്നു ബി.ജെ.പി പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. മല്ലികാർജുൻ ഖർഗെയുടെ കീഴിൽ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികള്‍. പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം നടത്തിയത്. ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റം പ്രതീക്ഷിക്കുന്ന കോൺഗ്രസ് കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ പല മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല.