മുസ്‌ലിം വ്യാപാരിയെ വ്യാജ ഗോവധ കേസിൽ കുടുക്കാൻ ക്വട്ടേഷനെടുത്തു; യുപിയിൽ ഹിന്ദുത്വ സംഘടനാ നേതാവ് അറസ്റ്റിൽ
പിടിയിലായ ആൾ സ്ഥിരംകുറ്റവാളി ആണെന്നും ഗുണ്ടാ ആക്ട്, കലാപം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.


ലഖ്നൗ: ഉത്തർപ്രദേശിൽ മുസ്‌ലിമായ മാംസവ്യാപാരിയെ വ്യാജ ഗോവധക്കേസിൽ കുടുക്കാൻ മറ്റൊരാളിൽ നിന്ന് ക്വട്ടേഷൻ വാങ്ങിയ ഹിന്ദുത്വ സംഘടനാ നേതാവ് അറസ്റ്റിൽ. സഹാറൻപൂരിലാണ് സംഭവം. വിശ്വഹിന്ദു പരിവാർ സ്ഥാപകനും ഗോരക്ഷാ പ്രവർത്തകനുമായ വിഷ് സിങ് കാംബോജ് എന്ന് 36കാരനാണ് അറസ്റ്റിലായത്. തന്റെ ബിസിനസ് പങ്കാളിയായിരുന്ന യുവാവിനെ കേസിൽ കുടുക്കാൻ മാംസ വ്യാപാരിയായ ഖുറേഷിയിൽ നിന്ന് 50,000 രൂപയാണ് ഇയാൾ കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു.
പശുവിനെ കൊന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കൂട്ടാളികളും ചൊവ്വാഴ്ച കന്നുകാലിയുടെ അവശിഷ്ടങ്ങളുമായി ജില്ലയിലെ പ്രധാന ഹൈവേ ഉപരോധിച്ചു. ഏറെ പഴക്കമുള്ള മൃതദേഹം കണ്ടപ്പോൾ പൊലീസിന് സംശയം തോന്നിയതായി സർസാവ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നരേന്ദർ ശർമ പറഞ്ഞു. 'പരസ്പരവിരുദ്ധമായ പ്രതികരണത്തെ തുടർന്ന് തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിവാറിന്റെ സ്ഥാപകനായ കാംബോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു'- എസ്എച്ച്ഒ കൂട്ടിച്ചേർത്തു.
ഖുറേഷിയും പഴയ ബിസിനസ് പങ്കാളിയും മാംസക്കച്ചവടക്കാരായിരുന്നു. എന്നാൽ രണ്ടാമന്റെ കച്ചവടം കൂടുതൽ വിജയകരമായിരുന്നു. ഇതാണ് ഖുറേഷിയെ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗോവധ കേസുകളുടെ വൈകാരികത കണക്കിലെടുത്ത്, കോടതികൾ പോലും ജാമ്യം നൽകാൻ മടിക്കുന്നു. സ്വന്തം കച്ചവടം അഭിവൃദ്ധിപ്പെടാൻ കൂടെയുള്ളയാളെ ജയിലിലടയ്ക്കാൻ ഉദ്ദേശിച്ച് ഖുറേഷി ഇത് മുതലെടുക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.
ഖുറേഷി ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ പഴയ ബിസിനസ് പങ്കാളിയുടെ പേര് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അറസ്റ്റിനുശേഷം വെളിപ്പെടുത്തുമെന്ന് സഹാറൻപൂർ എസ്എസ്പി രോഹിത് സിങ് സജ്‌വാൻ അറിയിച്ചു. പിടിയിലായ കാംബോജ് സ്ഥിരംകുറ്റവാളി ആണെന്നും ഗുണ്ടാ ആക്ട്, കലാപം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നിലവിലെ സംഭവത്തിൽ ഇയാൾക്കെതിരെ സമാധാന ലംഘനത്തിനും തെറ്റായ വിവരങ്ങൾ നൽകിയതിനും ബിഎൻഎസ് വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.