കേന്ദ്രവുമായുള്ള ഭാഷാ പോരിനിടെ ബജറ്റിൽനിന്ന് രൂപ ചിഹ്നം ഒഴിവാക്കി തമിഴ്നാട്; പകരം തമിഴ് അക്ഷരം
ദ്രവീഡിയൻ മോഡൽ, ടിഎൻബജറ്റ്2025 എന്നീ ഹാഷ്ടാഗുകളും ട്വീറ്റിനൊപ്പം സ്റ്റാലിൻ പങ്കുവച്ചിട്ടുണ്ട്. മാർച്ച് 14നാണ് തമിഴ്നാട് നിയമസഭയിൽ ബജറ്റ് അവതരണം.


ചെന്നൈ: ഭാഷാ നയത്തിൽ കേന്ദ്രസർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റിൽനിന്ന് രൂപ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സർക്കാർ. ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്ന ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് തമിഴ്നാട് ഒഴിവാക്കിയത്. പകരം തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന 'രൂ' എന്ന അക്ഷരമാണ് ബജറ്റ് ലോഗോയിൽ ചേർത്തിരിക്കുന്നത്.
മുൻവർഷങ്ങളിലൊക്കെ രൂപയുടെ ഔദ്യോഗിക ചിഹ്നമായിരുന്നു തമിഴ്നാട് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം. ഈ വർഷത്തെ ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടീസറിന്റെ അവസാനം കാണിക്കുന്ന ബജറ്റിന്റെ ലോഗോയിൽ രൂപ ചിഹ്നമില്ല, പകരം 'രൂ' എന്ന തമിഴ് അക്ഷരമാണുള്ളത്.
മാർച്ച് 14നാണ് തമിഴ്നാട് നിയമസഭയിൽ ബജറ്റ് അവതരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്‌നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ എന്ന കുറിപ്പോടെയാണ് സ്റ്റാലിൻ ടീസർ പങ്കുവച്ചിരിക്കുന്നത്. 'എല്ലാവർക്കും എല്ലാം' പ്രമേയത്തിലാണ് ഇത്തവണത്തെ ബജറ്റ്.
ദ്രവീഡിയൻ മോഡൽ, ടിഎൻബജറ്റ്2025 എന്നീ ഹാഷ്ടാഗുകളും ട്വീറ്റിനൊപ്പം സ്റ്റാലിൻ പങ്കുവച്ചിട്ടുണ്ട്. 2023-24, 2024-25 വർഷങ്ങളിലെ ബജറ്റുകളിലും രൂപയുടെ ഔദ്യോഗിക ചിഹ്നം തമിഴ്നാട് ബജറ്റ് ലോഗോയിലുണ്ടായിരുന്നു. ഇതാദ്യമായാണ് ദേശീയ കറൻസി ചിഹ്നം തമിഴ്നാട് ഒഴിവാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനും ത്രിഭാഷാ ഫോർമുലയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന ചെറുത്തുനിൽപ്പിനിടെയാണ് പുതിയ തീരുമാനം.
ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തയാറാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ എന്നും എതിർക്കും. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് സ്റ്റാലിൻ തുറന്നടിച്ചു.
2010 ജൂലൈ 15നാണ് കേന്ദ്ര സര്‍ക്കാര്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയും ഗുവാഹത്തി ഐഐടി ഡിസൈൻ വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡി. ഉദയകുമാറാണ് ചിഹ്നം രൂപകല്‍പന ചെയ്തത്. 2011 ജൂലൈയില്‍ ഈ ചിഹ്നം ആലേഖനം ചെയ്ത ആദ്യത്തെ നാണയം പുറത്തിറക്കുകയും ചെയ്തു.