അവധിപോലുമില്ലാത്ത അധ്വാനം അവഗണിക്കാനാവില്ല; ഭർത്താവിന്റെ സ്വത്തിൽ വീട്ടമ്മക്ക് തുല്യാവകാശം: മദ്രാസ് ഹൈക്കോടതി

ഒരേസമയം ഡോക്ടറുടെയും അക്കൗണ്ടന്റിന്റെയും മാനേജരുടെയും ചുമതല വീട്ടമ്മ നിർവഹിക്കുന്നുണ്ട്. ഈ അധ്വാനം വിലമതിക്കാനാകാത്തതാണെന്ന് കോടതി പറഞ്ഞു.

Update: 2023-06-25 04:03 GMT
Advertising

ചെന്നൈ: ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമുണ്ടാകുമെന്ന് മദ്രാസ് ഹൈക്കോടതി. അവധിപോലുമില്ലാത്ത വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശവാദമുന്നയിച്ച് കമ്ശാല അമ്മാൾ എന്ന സ്ത്രീ നൽകിയ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

11 വർഷം സൗദിയിൽ ജോലിചെയ്തുണ്ടാക്കിയ സ്വത്ത് അമ്മാൾ സ്വന്തം പേരിലാക്കിയെന്ന് കാണിച്ച് ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുമ്പ് നിയമപോരാട്ടം തുടങ്ങിയിരുന്നു. കണ്ണന് അനുകൂലമായുള്ള കീഴ്‌ക്കോടതി വിധിക്കെതിരെയാണ് അമ്മാൾ അപ്പീൽ നൽകിയത്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും മൂലമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് കോടതി പറഞ്ഞു.

ഒരേസമയം ഡോക്ടറുടെയും അക്കൗണ്ടന്റിന്റെയും മാനേജരുടെയും ചുമതല വീട്ടമ്മ നിർവഹിക്കുന്നുണ്ട്. ഈ അധ്വാനം വിലമതിക്കാനാകാത്തതാണ്. സ്വന്തം സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് ഒരുദിവസം പോലും വിശ്രമിക്കാതെ കുടുംബത്തിനായി അധ്വാനിക്കുന്ന വീട്ടമ്മക്ക് അവസാനം ഒരു സമ്പാദ്യവുമില്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News