'ഞാൻ ദരിദ്രയായിരിക്കാം, എന്നാൽ പതിനായിരം രൂപയ്ക്ക് സ്വയം വിൽക്കില്ല'; റിസപ്ഷനിസ്റ്റിന്‍റെ വാട്‌സാപ്പ് ചാറ്റ്

"എക്‌സ്ട്രാ സർവീസിന്' സന്നദ്ധമാണോ എന്നായിരുന്നു എന്നോടുള്ള ചോദ്യം"

Update: 2022-09-25 07:58 GMT
Editor : abs | By : Web Desk
Advertising

ഡെറാഡൂൺ: മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഉത്തരാഖണ്ഡ് റിസോർട്ടിലെ റിസപ്ഷനിസ്റ്റ് സുഹൃത്തിന് അയച്ച വാട്‌സ് അപ്പ് ചാറ്റുകൾ പുറത്ത്. വേശ്യാവൃത്തി ചെയ്യാൻ തന്നെ നിർബന്ധിക്കുന്നുവെന്നും എന്നാൽ അതിന് വഴങ്ങില്ലെന്നും 19കാരി ചാറ്റിൽ പറയുന്നു. ഹോട്ടലിലെ അതിഥികൾക്ക് സർവീസായി, വഴങ്ങിക്കൊടുക്കണം എന്നാണ് റിസോർട്ട് ഉടമ ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ബിജെപി നേതാവ് -ഇപ്പോൾ പുറത്താക്കി- വിനോദ് ആര്യയുടെ മരുമകൻ പുൽകിത് ആര്യയുടേതാണ് റിസോർട്ട്.

'ഞാൻ ദരിദ്ര ചുറ്റുപാടുകളിൽനിന്ന് വന്നവളാകാം. എന്നാൽ എന്നെ പത്തായിരം രൂപയ്ക്ക് വിൽക്കില്ല.' - എന്നാണ് സുഹൃത്തിന് റിസപ്ഷനിസ്റ്റ് അയച്ച സന്ദേശം. ഒരിക്കൽ കള്ളുകുടിച്ച ഒരു അതിഥി ബലം പ്രയോഗിച്ച് തന്നെ ആലിംഗനം ചെയ്തു. എന്നാൽ ആര്യയുടെ സഹായി അങ്കിത് ഗുപ്ത ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കാൻ ആവശ്യപ്പെട്ടു- ഇവരുടെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്ത് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

സുഹൃത്തിനയച്ച ചാറ്റിൽ ഇവര്‍ ഇക്കാര്യത്തെ കുറിച്ച് വിശദമായി എഴുതുന്നത് ഇങ്ങനെയാണ്; 'ഇന്ന് അങ്കിത് വന്ന് വിശദമായി സംസാരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചു. എന്റെ റിസപ്ഷൻ ഡസ്‌കിന്റെ മൂലയിൽ ചെന്നു. അതിഥികൾക്ക് 'എക്‌സ്ട്രാ സർവീസിന്' സന്നദ്ധമാണോ എന്ന് അയാള്‍ ചോദിച്ചു. പതിനായിരം രൂപ അധികം കിട്ടുമെന്നും പറഞ്ഞു. ദരിദ്രയാണ് എങ്കിലും പതിനായിരം രൂപയ്ക്ക് എന്നെ വിൽക്കുന്നില്ലെന്ന് ഞാൻ ഉറച്ചു പറഞ്ഞു. എന്റെ മറുപടി കേട്ട അദ്ദേഹം, ഇക്കാര്യം ചെയ്യാൻ ആവശ്യപ്പെടുകയല്ലെന്നും താത്പര്യമുണ്ടോ എന്നു ചോദിക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു. എന്നാൽ ഇക്കാര്യം അയാൾ എന്നോടു മാത്രമാണ് ആവശ്യപ്പെട്ടത്. തുക കണ്ട് ഞാൻ സമ്മതിക്കുമെന്നാണ് അയാൾ കരുതിയത്'

സ്‌പെഷ്യൽ സർവീസിന് സന്നദ്ധമല്ലെങ്കിൽ തനിക്കു പകരം മറ്റൊരാളെ വയ്ക്കുമെന്ന ഭീഷണി നേരിട്ടെന്നും അവർ മറ്റൊരു സന്ദേശത്തിൽ പറയുന്നു. 'അങ്കിത് ഇതൊരിക്കൽ കൂടി ആവശ്യപ്പെടുകയാണ് എങ്കിൽ റിസോർട്ടിൽ ഞാനിനി ജോലിക്കു നിൽക്കില്ല. ഇവർ എന്നെ വേശ്യയാക്കാനാണ് നോക്കുന്നത്.' - അവർ കുറിച്ചു.

ശനിയാഴ്ച രാവിലെ ഋഷികേശിലെ ചില്ല ബാരേജിൽ നിന്ന് മകളുടെ മൃതദേഹം കണ്ടെത്തിയ വേളയിൽ തകർന്നു പോയെന്ന് റിസപ്ഷനിസ്റ്റിന്‍റെ അച്ഛൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'എന്റെ മകൾക്ക് പന്ത്രണ്ടാം ക്ലാസിൽ 88 ശതമാനം മാർക്കുണ്ടായിരുന്നു. ഡെറാഡൂണിൽ പോയി ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചു. കുടുംബത്തെ താങ്ങിനിർത്താനാണ് അവൾ ജോലിക്കു പോയത്. പത്തായിരം രൂപ ശമ്പളത്തിന് റിസോർട്ടിൽ ജോലി കിട്ടി. ജോലി കിട്ടിയതിൽ അവളും കുടുംബവും ഏറെ സന്തോഷിച്ചിരുന്നു'- ചെറുകിട കർഷകനായ അദ്ദേഹം പറഞ്ഞു. 'അവിടെ ഒരു മാസം പോലും പൂർത്തിയാക്കാനായില്ല. അതിനു മുമ്പ് ഈ രാക്ഷസന്മാർ എന്റെ കുഞ്ഞിനെ കൊണ്ടുപോയി.' - അദ്ദേഹം കൂട്ടിച്ചേർത്തു. അംഗണവാടി ജീവനക്കാരിയാണ് റിസപ്ഷനിസ്റ്റിന്‍റെ അമ്മ.  

Summary: Days before her murder, Ankita Bhandari, a 19-year-old receptionist at an Uttarakhandt resort had told one of her close friends about the pressure she was facing from the accused to indulge in prostitution and "service hotel guests".

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News