ആദായ നികുതി ചട്ടങ്ങളിലെ മാറ്റങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ; പുതുക്കിയ നിരക്കുകൾ അറിയാം
വാർഷിക വരുമാനം ഏഴുലക്ഷത്തിന് താഴെ വരെയുള്ളവരെ ആദായനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ആദായ നികുതി സംബന്ധിച്ച് കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച മാറ്റങ്ങളാണ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നത്. പുതിയ നികുതി വ്യവസ്ഥയിൽ വാർഷിക വരുമാനം ഏഴുലക്ഷത്തിന് താഴെ വരെയുള്ളവരെ ആദായനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഈ പരിധി അഞ്ചു ലക്ഷമായിരുന്നു.
പുതുക്കിയ ആദായ നികുതി നിരക്കുകൾ അറിയാം...
- മൂന്നു ലക്ഷം രൂപ വരെയുള്ള വരുമാന പരിധിയുള്ളവർ നികുതി അടക്കേണ്ടതില്ല.
- മൂന്ന് മുതൽ ആറ് ലക്ഷം രൂപ വരെ- 5 ശതമാനം
- ആറ് മുതൽ ഒമ്പത് ലക്ഷം രൂപ വരെ- 10 ശതമാനം
- ഒമ്പതു മുതൽ 12 ലക്ഷം രൂപ വരെ- 15 ശതമാനം
- 12 മുതൽ 15 ലക്ഷം രൂപ വരെ- 20 ശതമാനം
- 15 ലക്ഷത്തിലധികം വരുമാനമുള്ളവർ- 30 ശതമാനം
പഴയ ആദായനികുതി നിരക്ക്
- 2.5 ലക്ഷം രൂപ വരെ- നികുതി ഇല്ല
- 2.5 മുതൽ 5 ലക്ഷം രൂപ വരെ- 5 ശതമാനം
- അഞ്ചുമുതൽ 10 ലക്ഷം രൂപ വരെ- 20 ശതമാനം
- പത്ത് ലക്ഷം രൂപ മുതല്‍ വരുമാനമുള്ളവര്‍ -30 ശതമാനം
പുതിയ വ്യവസ്ഥയില്‍ നികുതിദായകര്‍ക്ക് 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ലഭിക്കും. നിക്ഷേപങ്ങള്‍ക്കുമേല്‍ കിഴിവുകളോ ഇളവുകളോ ലഭിക്കില്ല. പുതിയ നികുതി വ്യവസ്ഥയില്‍ ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്ക് 37 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറയ്ക്കും. പുതിയ നികുതി രീതിയില്‍ പ്രതിവര്‍ഷം 15.5 ലക്ഷമോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ക്ക് 52500 രൂപയുടെ നേട്ടമുണ്ടാകുമെന്നാണ് 2022-2023 ലെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.