'56 ഇഞ്ച് നെഞ്ചില്‍ വേദനയും നാണക്കേടും തുളച്ചുകയറാന്‍ 79 ദിവസമെടുത്തു'; മോദിയുടേത് മുതലക്കണ്ണീരെന്ന് ദി ടെലഗ്രാഫ്

മണിപ്പൂര്‍ കലാപം ആരംഭിച്ച് മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്

Update: 2023-07-21 06:02 GMT
Editor : Jaisy Thomas | By : Web Desk

നരേന്ദ്ര മോദി

Advertising

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ രണ്ടര മാസത്തിനു ശേഷം മൗനം വെടിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ദി ടെലഗ്രാഫ് ദിനപത്രം. മോദിയുടേത് മുതലക്കണ്ണീരെന്നാണ് പരിഹാസം. ഒപ്പം മുതല കണ്ണീര്‍ പൊഴിക്കുന്ന ഒരു ചിത്രവും പത്രത്തിന്‍റെ മുന്‍ പേജില്‍ കൊടുത്തിട്ടുണ്ട്.

''56 ഇഞ്ച് നെഞ്ചില്‍ വേദനയും നാണക്കേടും തുളച്ചുകയറാന്‍ 79 ദിവസമെടുത്തു'' എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. മണിപ്പൂര്‍ കലാപം ആരംഭിച്ച് മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്. ഇതിനെ സൂചിപ്പിച്ച് 79 മുതലകളുടെ ചിത്രവും 79-ാം ദിവസവും മുതല കണ്ണീര്‍ പൊഴിക്കുന്നതുമാണ് പ്രതീകാത്മകമായി കൊടുത്തിരിക്കുന്നത്.

ആക്രമണം നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്‍റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം മോദി മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിർത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിലെ കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലോ ചത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ നമ്മുടെ സഹോദരിമാരുടെ സുരക്ഷക്കായി സർക്കാറുകൾ ഉണർന്നുപ്രവർത്തിക്കണമെന്നും മോദി നിർദേശിച്ചിരുന്നു.


മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തെ കുറച്ച് പ്രധാനമന്ത്രിക്ക് നല്ല ധാരണയുണ്ട്. എന്നാൽ, മോദി ഒരു സമാധാനം അഹ്വാനം പോലും നടത്തുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.

അതേസമയം മണിപ്പൂരിൽ കുക്കി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ ഇതുവരെ നാല് പേർ അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ്തെയ് വിഭാഗത്തിൽ പെട്ടവരാണ് അറസ്റ്റിൽ ആയത്. യുവതികളെ നഗ്നരായി നടത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറയത്. ബാക്കിയുള്ള പ്രതികളെ കൂടി ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. അക്രമകാരികൾക്കൊപ്പം ആയിരുന്നു പൊലീസ് ഇരകളിൽ ഒരാള്‍ ആരോപിച്ചു. വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലീസ് റോഡില്‍ ആള്‍ക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും ഇര ഒരു മാധ്യമത്തോട് പ്രതികരിച്ചു.സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍ രംഗത്ത് എത്തി. ചുരാചന്ദ്പുരിൽ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News