'മോമോസ് തണുത്തുപോയി'; പ്രായപൂർത്തിയാകാത്ത വഴിയോരക്കച്ചവടക്കാരന്റെ മേൽ തിളച്ച എണ്ണയൊഴിച്ച് യുവാക്കള്‍
കുട്ടിയുടെ മുതുകിലും കൈകളിലും നെഞ്ചിലും ഒന്നിലധികം പൊള്ളലേറ്റിട്ടുണ്ട്
ജലന്ധര്‍: മോമോസ് തണുത്തുപോയെന്നാരോപിച്ച് വഴിയോരക്കച്ചവടക്കാരന്റെ ദേഹത്തേക്ക് തിളച്ച എണ്ണയൊഴിച്ചു. ജലന്ധറിലെ പിഎപി ചൗക്കിന് സമീപമാണ് സംഭവം. കഴിഞ്ഞദിവസം രാത്രി 10.30 ഓടെയാണ് സംഭവം. പ്രായപൂർത്തിയാകാത്തയാളാണ് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
അജ്ഞാതരായ മൂന്ന് പേർ രാത്രി തട്ടുകടയിലെത്തി. ഇവർക്ക് ഓർഡർ ചെയ്ത പ്രകാരം മോമോസ് നൽകി. എന്നാൽ തങ്ങൾക്ക് വിളമ്പിയ മോമോസ് തണുത്തുപോയെന്നും അതിനാൽ പണം തരില്ലെന്നും യുവാക്കൾ ഭീഷണിപ്പെടുത്തി. എന്നാൽ ഇത് സമ്മതിക്കില്ലെന്ന് കട നടത്തുന്ന പയ്യൻ വ്യക്തമാക്കി. തുടർന്ന് ഇതിനെച്ചൊല്ലി ഇവർ തർക്കത്തിലേർപ്പെട്ടു. പ്രതികൾ ശാരീരികമായി ആക്രമിക്കുകയും തുടർന്ന് തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നെന്നാണ് പരാതി.
കുട്ടിയുടെ മുതുകിലും കൈകളിലും നെഞ്ചിലും ഒന്നിലധികം പൊള്ളലേറ്റിട്ടുണ്ട്. തുടർന്ന് ഇയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താൻ സിസിടിവി കാമറകൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പരാതി നല്കാൻ ഇരയുടെ രക്ഷിതാക്കൾ ആദ്യം തയ്യാറായില്ലെന്ന് രാമ മണ്ഡി സ്റ്റേഷൻ ഹൗസ് ഓഫീസർ നവദീപ് സിംഗ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് പരാതി നൽകിയത്. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.