വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ പേസ് ബൗളറായി ജസ്പ്രീത് ബുംറ

24 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബുംറ ഈ നേട്ടം കൈവരിച്ചത്

Update: 2021-09-06 16:47 GMT
Advertising

ലണ്ടൻ: ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 100 വിക്കറ്റ് നേടിയ ഇന്ത്യൻ പേസ് ബൗളറായി ജസ്പ്രീത് ബുംറ. 24 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബുംറ 100 വിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിലാണ് ഈ നേട്ടം.

കപിൽ ദേവാണ് ഈ നേട്ടത്തിൽ ബുംറയുടെ തൊട്ടുപിറകിലുള്ളത്. 25 ടെസ്റ്റിലാണ് കപിൽ 100 വിക്കറ്റ് കയ്യിലാക്കിയത്. ഇർഫാൻ പത്താൻ(28), മുഹമ്മദ് ഷമി(29), ജവഗൽ ശ്രീനാഥ് (30) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവർ.

ഓവലിൽ ഒല്ലീ പോപ്പിനെ ബുംറ ബൗൾഡാക്കിയ ശേഷം ബി.സി.സി.ഐ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ജോണി ബെയർസ്‌റ്റോയെ പുറത്താക്കി ബുംറ ഇംഗ്ലണ്ടിന് ഇരട്ടിപ്രഹരം നൽകുകയും ചെയ്തിരുന്നു.

ഇന്ത്യൻ ബൗളർമാരിൽ ടെസ്റ്റിൽ ഏറ്റവും വേഗത്തിലുള്ള 100 വിക്കറ്റ് നേട്ടം രവിചന്ദ്രൻ അശ്വിന്റെ പേരിലാണ്. 18 മത്സരങ്ങളിൽനിന്നാണ് അശ്വിൻ 100 വിക്കറ്റ് നേടിയത്. എരപ്പള്ളി പ്രസന്ന (20), അനിൽ കുംബ്ലെ (21), സുഭാഷ് ഗുപ്ത(22), ബി.സി ചന്ദ്രശേഖർ(22), പ്രഗ്യാൻ ഓജ(22) എന്നിവർ 100 വിക്കറ്റ് കണ്ടെത്തിയ സ്പിന്നർമാരുടെ ലിസ്റ്റിലുണ്ട്.

രവീന്ദ്ര ജഡേജയും ബുംറയും നന്നായി പന്തെറിഞ്ഞത് രണ്ടാം ഇന്നിംഗ്‌സിൽ കുറച്ചൊന്നുമല്ല ഇംഗ്ലണ്ടിനെ കുഴക്കിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News