മണിപ്പൂരില്‍ ശക്തി തെളിയിക്കാന്‍ ജെ.ഡി.യു; 30 സീറ്റില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
30 സീറ്റിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ നിന്ന് ഉൾപ്പെടെ എത്തിയ നേതാക്കളും പട്ടികയിൽ ഇടം നേടി.
മണിപ്പൂരിൽ ശക്തിതെളിയിക്കാന്‍ ഒരുങ്ങി ജനതാദൾ യുണൈറ്റഡ്. 30 സീറ്റിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ നിന്ന് ഉൾപ്പെടെ എത്തിയ നേതാക്കളും പട്ടികയിൽ ഇടം നേടി.
ബിഹാറിൽ ബി.ജെ.പിയോടൊപ്പം ചേർന്ന് ഭരണം കയ്യാളുന്ന ജെ.ഡി.യു, മണിപ്പൂരിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ആദ്യ ഘട്ട പട്ടികയിൽ ഇടം നേടിയതിൽ എട്ട് പേർ ബി.ജെ.പി പാളയം വിട്ട് ജെ.ഡി.യുവിൽ ചേർന്നവരാണ്. നിലവിലെ ബി.ജെ.പി എം.എൽ.എ ക്ഷേത്രിമയു ബൈരേൻ, ലാമ്ലായി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മുൻ എം.എൽ.എമാരായ സാമുവൽ ജെൻഡായി, ഖ്വൈരക്പാം ലോകെൻ, മുൻ ചീഫ് സെക്രട്ടറി ഒ. നബകിഷോർ അടക്കം സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി വിട്ട് ജെ.ഡി.യുവിലെത്തിയ പ്രമുഖർക്ക് സീറ്റ് നൽകി. കഴിഞ്ഞ ആഴ്ച കോൺഗ്രസ് വിട്ടെത്തിയ കോൺഗ്രസ് എം.എൽ.എ ഖുമുഖം ജോയ്കിഷൻ സിങ്, സ്വതന്ത്ര എം.എൽ.എ അഷാബ് ഉദ്ദീൻ എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. മുൻ ഡി.ജി.പി എൽ.എം ഖൗട്ടെയും ജെ.ഡി.യുവിനായി മത്സരിക്കും.
കോൺഗ്രസ് 10 നിയമസഭ സീറ്റിലേക്ക് കൂടിയുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുന്‍പ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മൊയിരാങ് എം.എൽ.എ പി. ശരത് ചന്ദ്ര സിങ് അതേ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. മുൻ മന്ത്രി നിങ്തോജാം ബൈരൻ, സെങ്മായി മണ്ഡലത്തിലും നിങ്തോജാം ജോയ് കുമാർ സിങ്, ബിഷൻപൂർ മണ്ഡലത്തിലും മത്സരിക്കും. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി വിട്ടവരാണ് ഇരുവരും. 60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരിൽ 40 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ എന്നീ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിൽ എൻ.ഡി.എ സർക്കാരിന്റെ ഭാഗമായ നാഷണൽ പീപ്പിൾസ് പാർട്ടി 13 സീറ്റിലേക്ക് കൂടിയുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.