ജാർഖണ്ഡിൽ ബിജെപിയെ മലർത്തിയടിക്കാൻ ഇൻഡ്യാ സഖ്യത്തെ സഹായിച്ച എട്ട് കാര്യങ്ങൾ
81ൽ 56 സീറ്റിൽ വിജയിച്ചാണ് ജാർഖണ്ഡിൽ ഇൻഡ്യാ സഖ്യം ഭരണത്തുടർച്ച നേടിയത്.
ന്യൂഡൽഹി: ഈ വർഷം ആദ്യത്തിൽ ജാർഖണ്ഡിൽ ജെഎംഎം നയിക്കുന്ന സഖ്യ സർക്കാർ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. അഴിമതിക്കേസിൽ ജയിലിലായതോടെ ഹേമന്ത് സോറന് മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടിവന്നു. എന്നാൽ കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇൻഡ്യാ സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. 81ൽ 56 സീറ്റിൽ വിജയിച്ചാണ് ഇൻഡ്യാ സഖ്യം ഭരണത്തുടർച്ച നേടിയത്.
ഇൻഡ്യാ സഖ്യത്തിൽ ജെഎംഎം 34 സീറ്റ് നേടി. കോൺഗ്രസ് 16ഉം ആർജെഡി നാലും സിപിഐ (എംഎൽ) (എൽ) രണ്ടും സീറ്റ് നേടി. എൻഡിഎയിൽ ബിജെപി 21 സീറ്റ് നേടി. എജെഎസ്‌യുപി, എൽജെപിആർവി, ജെഡി (യു) പാർട്ടികൾ ഓരോ സീറ്റ് വീതവും നേടി.
ഇൻഡ്യാ സഖ്യത്തെ വിജയത്തിലെത്തിച്ച നിർണായക ഘടകങ്ങൾ
ഹേമന്ത് സോറനെ ജയിലിലടച്ചത് ആദിവാസികളുടെ അഭിമാനത്തിന് മുറിവേൽപ്പിച്ചു
ഭൂമി തട്ടിപ്പ് ആരോപിച്ച് ജനുവരിയിൽ ജയിലിലടക്കപ്പെട്ട ഹേമന്ത് സോറന് അഞ്ച് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സോറനെ അന്യായമായി ജയിലിലടച്ചു എന്നത് ഇൻഡ്യാ സഖ്യം വലിയ പ്രചാരണായുധമാക്കി. ജാർഖണ്ഡ് ജനസംഖ്യയുടെ 26.21 ശതമാനം ആദിവാസികളാണ്. ഈ വിഭാഗത്തിന്റെ പ്രതിനിധിയായ മുഖ്യമന്ത്രിയെ ജയിലിലടച്ചത് അവരുടെ അഭിമാനത്തിന് ക്ഷതമായി. നിർണായക വോട്ട് ബാങ്കായ ആദിവാസികൾക്കിടയിൽ ഹേമന്ത് സോറന്റെ അറസ്റ്റ് ബിജെപിക്കെതിരായ വികാരം സൃഷ്ടിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ടി വിഭാഗത്തിന്റെ അഞ്ച് സംവരണ മണ്ഡലങ്ങളിലും ബിജെപി തോറ്റതും ഈ കാരണംകൊണ്ടാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
സ്ത്രീകൾക്ക് നേരിട്ടുള്ള ആനുകൂല്യ വിതരണം
ജെഎംഎം സർക്കാർ ജാർഖണ്ഡിൽ നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കിയിരുന്നു. ആഗസ്റ്റിൽ പ്രഖ്യാപിച്ച മയ സമ്മാൻ യോജന ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 21 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസത്തിൽ 10,000 രൂപ വീതം നൽകുന്നതാണ് ഈ പദ്ധതി. ഇതിനെ മറികടക്കാൻ മാസത്തിൽ 2,100 രൂപ നൽകുന്ന ഗോഗോ ദീദി പദ്ധതി ബിജെപി പ്രഖ്യാപിച്ചെങ്കിലും അധികാരത്തിൽ തിരിച്ചെത്തിയാൽ മയ സമ്മാൻ യോജന പ്രകാരമുള്ള സഹായം ഡിസംബർ മുതൽ 2,500 ആയി ഉയർത്തുമെന്ന് സോറൻ പ്രഖ്യാപിച്ചു.
പെൻഷൻ പദ്ധതി മെച്ചപ്പെടുത്തൽ
2019ൽ ജെഎംഎം സർക്കാർ സംസ്ഥാനത്തെ പെൻഷൻ പദ്ധതി പരിഷ്‌കരിച്ചു. കേന്ദ്രസർക്കാരിന് കീഴിലുള്ള പദ്ധതിക്ക് മാസങ്ങളായി ഫണ്ട് അനുവദിച്ചിരുന്നില്ല. വാർധക്യ പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 200-500 രൂപയാണ് അനുവദിച്ചിരുന്നത്. ജാർഖണ്ഡ് സർക്കാർ ഇത് ഏകീകരിച്ച് 1000 രൂപയാക്കി. ദുർബലരായ ഗോത്ര വർഗ വിഭാഗങ്ങളെയും നിർധനരായ സ്ത്രീകളെയും എയ്ഡ്‌സ് രോഗികളെയും കൂടി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി. 2019ൽ ആറു ലക്ഷം പേർക്കാണ് പെൻഷൻ ലഭിച്ചിരുന്നതെങ്കിൽ 2024ൽ അത് 40 ലക്ഷം ആളുകളിലേക്കെത്തി.
വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളൽ
കുറഞ്ഞ വരുമാനക്കാരായ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളാനുള്ള തീരുമാനം സാധാരണക്കാർക്കായ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ തീരുമാനമായിരുന്നു. ആഗസ്റ്റിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതിയിൽ ചേർന്ന 39.44 ലക്ഷം ഉപഭോക്താക്കളുടെ 3,584 കോടി രൂപയുടെ വൈദ്യുതി ബില്ലാണ് സർക്കാർ എഴുതിത്തള്ളിയത്.
സംസ്ഥാന ഭവന നിർമാണ പദ്ധതി
താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്ക് സബ്സിഡിയുള്ള ഭവനം നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന നിലവിലുണ്ടെങ്കിലും, സംസ്ഥാനത്തെ അർഹരായ എട്ട് ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നില്ല. 2023 ഒക്ടോബറിൽ, ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ ഇവർക്കായി അബുവ ആവാസ് യോജന ആരംഭിച്ചു. കേന്ദ്രസർക്കാർ പദ്ധതി പ്രകാരം അടുക്കളയോടു കൂടിയ രണ്ടുമുറി വീടിന് 1.5 ലക്ഷം രൂപ വരെ നൽകുമ്പോൾ, ജാർഖണ്ഡ് സർക്കാരിന്റെ പദ്ധതിയിൽ അടുക്കളയോടു കൂടിയ മൂന്ന് മുറി വീടിന് 2 ലക്ഷം രൂപയാണ് നൽകുന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിയില്ലാത്ത ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള നേതാക്കൾ ജാർഖണ്ഡിൽ പ്രചാരണത്തിന് എത്തിയെങ്കിലും അധികാരം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ബിജെപി സ്ംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി, ജെഎംഎം വിട്ടെത്തിയ മുൻ മുഖ്യമന്ത്രി ചംപായ് സോറൻ എന്നിവരായിരുന്നു ബിജെപി വിജയിച്ചാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്ന രണ്ടുപേർ. ഇരുവരും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്. സംസ്ഥാനം രൂപീകരിച്ചതിന് ശേഷം വന്ന ഏഴ് മുഖ്യമന്ത്രിമാരിൽ ആറുപേരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ 2014ൽ ആദിവാസിയല്ലാത്ത രഘുബർ ദാസിനെ ബിജെപി മുഖ്യമന്ത്രിയാക്കി. ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാൽ ആദിവാസി വിഭാഗത്തിന് പുറത്തുള്ള ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്ന ആശങ്കയും വോട്ടർമാർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇൻഡ്യാ സഖ്യത്തിൽ ഹേമന്ത് സോറൻ തുടരുമെന്ന ഉറപ്പുണ്ടായത് തെരഞ്ഞെടുപ്പിൽ നേട്ടമായി.
ബിജെപി പ്രധാന്യം നൽകിയത് ജാർഖണ്ഡുകാരല്ലാത്ത നേതാക്കൾക്ക്
ദേശീയ നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, ജെ.പി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരാണ് പ്രചാരണം നിയന്ത്രിച്ചത്. ജാർഖണ്ഡ് നേതാക്കളായ ബാബുലാൽ മറാണ്ടി, ചംപായ് സോറൻ എന്നിവർക്ക് വലിയ പ്രാധാന്യം ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളെ കൂടുതൽ ശ്രദ്ധിക്കാറുള്ള ജാർഖണ്ഡ് രാഷ്ട്രീയത്തിൽ ഇത് തിരിച്ചടിയായി.
നുഴഞ്ഞുകയറ്റക്കാരെന്ന ബിജെപി പ്രചാരണം വോട്ടർമാർ തള്ളി
കടുത്ത വർഗീയ പ്രചാരണമാണ് ജാർഖണ്ഡിൽ ബിജെപി നടത്തിയത്. ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറിയ മുസ്‌ലിംകൾ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുന്നുവെന്നും ഭൂമി വാങ്ങുന്നുവെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. ഇത് സംസ്ഥാനത്തിന്റെ ജനസംഖ്യാ സന്തുലിതാവസ്ഥ തകർക്കുമെന്നും സംസ്‌കാരം ഇല്ലാതാക്കുമെന്നും ബിജെപി പ്രചരിപ്പിച്ചു. ബംഗ്ലാദേശുമായി ജാർഖണ്ഡ് അതിർത്തി പങ്കിടുന്നില്ലെന്നും അനധികൃത നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെങ്കിൽ അതിന് പൂർണ ഉത്തരവാദി അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭന്തരവകുപ്പാണ് എന്നുമായിരുന്നു ഇതിന് ജെഎംഎം മറുപടി. എന്നാൽ ഇത്തരം പ്രചാരണങ്ങൾ വോട്ടർമാർ പൂർണമായും തള്ളിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.