റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കാണാതായി; ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ

റോഡ് കോൺട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്

Update: 2025-01-04 04:25 GMT
Editor : സനു ഹദീബ | By : Web Desk

മുകേഷ് ചന്ദ്രകാർ 

Advertising

റായിപൂർ: ഛത്തീസ്ഗഢിൽ മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ. ദേശീയ മാധ്യമമായ എൻഡിടിവിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മുകേഷ് ചന്ദ്രാകറിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ തുറന്നുകാട്ടി അന്വേഷണ റിപ്പോർട്ട് നൽകിയതിന് പിന്നാലെ, ജനുവരി ഒന്നിന് രാത്രി മുതൽ മുകേഷിനെ കാണാതായിരുന്നു. ജനുവരി മൂന്നിന് ബിജാപൂർ ടൗണിലെ റോഡ് കോൺട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.

കരാറുകാരൻ സുരേഷ് ചന്ദ്രക്കറിനെതിരെയായിരുന്നു മുകേഷ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് തന്നെയാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മുകേഷിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് സുരേഷിന്റെ വീട്ടിൽ എത്തിയത്. സുരേഷ് ചന്ദ്രക്കറിൻ്റെ സഹോദരൻ റിതേഷിനെ കണ്ട് സംസാരിക്കാനായാണ് മുകേഷ് ഇവിടെയെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

'ബസ്തർ ജംഗ്ഷൻ' എന്ന യൂട്യൂബ് ചാനലും മുകേഷിനുണ്ട്. റിതേഷിനെ കാണാനായി പോയ മുകേഷ് തിരിച്ചെത്തിയില്ലെന്ന് സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. ജനുവരി ഒന്നിന് രാത്രി പന്ത്രണ്ടരയോടെയാണ് മുകേഷിന്റെ ഫോൺ ഓഫായത്. തുടർന്ന് മുകേഷിനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ ഐജി പി സുന്ദർരാജ് നിയോഗിക്കുകയായിരുന്നു.

പുതുതായി കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്റെ മൃതദേഹത്തിൽ തലയിലും മുതുകിലും ഉൾപ്പടെ ഒന്നിലധികം മുറിവുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സുരേഷ് ചന്ദ്രക്കറടക്കം നിരവധി പേരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. പ്രതികളെ വെറുതെ വിടില്ലെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News