സിഗരറ്റ് വലിക്കുന്ന കാളി; ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്
ഡല്‍ഹി: സംവിധായിക ലീന മണിമേഖലയുടെ കാളി എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റർ വിവാദത്തിൽ. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ലീനയെ അറസ്റ്റ് ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് നെറ്റിസൺസ് ആരോപിച്ചു. #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ്ങായിട്ടുണ്ട്. ലീന മണിമേഖല ഡോക്യുമെന്‍ററിയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീയെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്.കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ സിഗരറ്റ് വലിക്കുന്നതായാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ത്രിശൂലം, അരിവാൾ എന്നിവയ്ക്കൊപ്പം LGBTQ+ കമ്മ്യൂണിറ്റിയുടെ പതാകയും കയ്യിലേന്തിയിരിക്കുന്നതായി കാണാം.
ചിത്രം ലോഞ്ച് ചെയ്ത ആഗാ ഖാൻ മ്യൂസിയത്തോട് ഉടൻ എടുത്തുമാറ്റാൻ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. മതനിന്ദയും മതവികാരം വ്രണപ്പെടുത്തുന്നതുമാണ് പോസ്റ്ററെന്ന് ചിലര്‍ ആരോപിച്ചു. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടു.
എന്നാല്‍ വിമര്‍ശിക്കുന്നതിനു മുന്‍പ് ആദ്യം ഡോക്യുമെന്‍റി കാണൂവെന്ന് ലീന മണിമേഖല പറഞ്ഞു. ''ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്‍റോയിലെ തെരുവുകളിൽ ഉലാത്തുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്.നിങ്ങൾ സിനിമ കണ്ടുകഴിഞ്ഞാൽ, #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് നിങ്ങൾ ലവ് യു ലീന മണിമേകലൈ എന്നാക്കി മാറ്റും'' ലീന ട്വീറ്റ് ചെയ്തു. സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വിവാദമായിരിക്കെയാണ് കാളി എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദം. എന്താണ് മതനിന്ദ, എന്താണ് ആവിഷ്കാര സ്വാതന്ത്ര്യം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് തുടക്കമിട്ടിരിക്കുകയാണ്.