ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളും കവിതയും ജയിലിൽ തുടരും, കസ്റ്റഡി കാലാവധി നീട്ടി
ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി റോസ് അവന്യൂ കോടതി ഉത്തരവ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബി.ആര്‍.എസ് നേതാവ് കെ കവിതയും ജയിലില്‍ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി റോസ് അവന്യൂ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തിഹാര്‍ ജയിലിലാണ് ഇരുവരും ഇപ്പോഴുള്ളത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇരുവരേയും ഹാജരാക്കിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കെജരിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും തെളിവുകള്‍ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വിധിയില്‍ പറഞ്ഞു.
പ്രമേഹ രോഗിയായ കെജ്‌രിവാള്‍, തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി ഇന്നലെ തള്ളിയിരുന്നു. അതേ സമയം കെജരിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.
ഡൽഹി സർക്കാരിൻ്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 21നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.