ഭരണവിരുദ്ധ വികാരം തിരിച്ചുവിട്ട ഷിൻഡെയുടെ 'മാന്ത്രികവടി'; മഹായുതിയെ തുണച്ച 'ലഡ്കി ബഹിൻ'

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെല്ലാം സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ചു നടത്തിയ പുതിയ രാഷ്ട്രീയതന്ത്രത്തിലൂടെ ബിജെപി മറികടക്കുകയായിരുന്നു

Update: 2024-11-23 08:06 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഭരണവിരുദ്ധ വികാരവും ശിവസേന-എൻസിപി പിളർപ്പിലെ ജനരോഷവുമൊന്നും മഹാരാഷ്ട്രയിൽ ഏശിയില്ലെന്നു വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണു പുറത്തുവരുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളും കടന്ന് 217 സീറ്റിൽ മഹായുതി സഖ്യം കുതിപ്പ് തുടരുകയാണ്. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരാണു കൂട്ടത്തോടെ ബൂത്തുകളിലെത്തിയത്. ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ ലഡ്കി ബഹിൻ യോജന എന്ന തുറുപ്പുചീട്ട് ഫലം കണ്ടെന്ന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലവും കാണിക്കുന്നു.

288 അംഗം നിയമസഭയിൽ ഭൂരിപക്ഷത്തിന് 145 സീറ്റ് വേണ്ടിടത്താണ് 200ഉം കടന്ന് മഹായുതിയുടെ കുതിപ്പ്. 125 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. ഷിൻഡെ ശിവസേന 57 സീറ്റിലും അജിത് പവാർ എൻസിപി 35 സീറ്റിലും ലീഡ് ചെയ്യുന്നു. മഹാവികാസ് അഘാഡി സഖ്യം വെറും 57 സീറ്റിലേക്കു ചുരുങ്ങിയിരിക്കുകയാണ്. ശിവസേന ഉദ്ദവ് പക്ഷം 22 സീറ്റിലും കോൺഗ്രസ് 20 ഇടത്തും ശരദ് പവാർ എൻസിപി 14 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്.

ബിജെപിയുടെ വിജയശതമാനവും കുത്തനെ ഉയർന്നിരിക്കുകയാണ്. ആദ്യ ഫലസൂചനകൾ പ്രകാരം 85 ശതമാനമാണ് ബിജെപിയുടെ വിജയശതമാനം. 148 സ്ഥാനാർഥികളിൽ 125 പേരും മുന്നിട്ടുനിൽക്കുകയാണ്. ശിവസേന ഷിൻഡെ വിഭാഗവും ഒട്ടും പിന്നിലല്ല. 80ൽ 58 സ്ഥാനാർഥികളും മുന്നേറുമ്പോൾ 73 ശതമാനമാണ് പാർട്ടിയുടെ വിജയശതമാനം. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട എൻസിപി അജിത് പവാർ പക്ഷം വൻ തിരിച്ചുവരവാണ് നടത്തിയത്. 53 സ്ഥാനാർഥികളെ നിർത്തിയതിൽ 42 പേരും വിജയത്തിലേക്കു കുതിക്കുകയാണ്.

വോട്ടിങ്ങിൽ പ്രതിഫലിച്ച ലഡ്കി ബഹിൻ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുശേഷമുള്ള ഏറ്റവും വലിയ പോളിങ്ങാണ് മഹാരാഷ്ട്രയിൽ ഇത്തവണ രേഖപ്പെടുത്തിയത്. 66.05 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്. 1995ൽ 71.69 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ 61.39ഉം 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ 61.4ഉം ശതമാനം രേഖപ്പെടുത്തി.

സ്ത്രീ വോട്ടർമാർ വലിയ തോതിൽ പോളിങ് ബൂത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് വോട്ടിങ് ശതമാനത്തിലും പ്രതിഫലിച്ചത്. തങ്ങളുടെ സ്ത്രീ സൗഹൃദ നയത്തിന്റെ പ്രതിഫലനമാണു വോട്ടിങ്ങിൽ കണ്ടതെന്ന് മഹായുതി തുടക്കത്തിൽ തന്നെ വാദിച്ചിരുന്നു. ഇതു ശരിവയ്ക്കുകയാണിപ്പോൾ തെരഞ്ഞെടുപ്പ് ഫലവും.

ഇത്തവണ തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ഷിൻഡെ സർക്കാരിന്റെ ലഡ്കി ബഹിൻ യോജന. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കുള്ള സാമ്പത്തിക പിന്തുണയുമായാണ് മഹായുതി സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചത്. പ്രതിമാസം 1,250 രൂപയാണ് 2.5 ലക്ഷത്തിനു താഴെ പ്രതിശീർഷവരുമാനമുള്ള സ്ത്രീകൾക്ക് സർക്കാർ ഓരോ മാസവും നൽകിവരുന്നത്.

ലഡ്കി ബഹിൻ തുറുപ്പുചീട്ടാകുമെന്നു കണ്ടുതന്നെ സഹായധനം കൂട്ടുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മഹായുതി പ്രഖ്യാപിച്ചു. തുക 2,100 ആയി കൂട്ടുമെന്നായിരുന്നു വാഗ്ദാനം. ലഡ്കി ബഹിൻ പദ്ധതിയും പുതിയ വാഗ്ദാനങ്ങളും വഴി ബിജെപിയും സഖ്യകക്ഷികളും കണ്ട സ്വപ്‌നങ്ങൾ ഫലം കണ്ടെന്നാണു തെരഞ്ഞടുപ്പ് ഫലം കാണിക്കുന്നത്.

ലഡ്കി ബഹിൻ സ്ത്രീഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ടെന്ന തിരിച്ചറിവിലാണ് മഹാവികാസ് അഘാഡി പ്രകടനപത്രികയിൽ മഹാലക്ഷ്മി പദ്ധതി പ്രഖ്യാപിച്ചത്. 3,000ത്തിലേറെ രൂപ നൽകുമെന്നായിരുന്നു എംവിഎ പ്രഖ്യാപനം. എന്നാൽ, എംവിഎ അധികാരത്തിലെത്തിയാൽ ലഡ്കി ബഹിൻ യോജന നിർത്തലാക്കുമെന്ന ആരോപണമുയർത്തി മഹായുതി പ്രതിപക്ഷത്തിന്റെ ബദൽതന്ത്രത്തെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആക്രമിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെല്ലാം സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ചു നടത്തിയ പുതിയ രാഷ്ട്രീയതന്ത്രത്തിലൂടെ ബിജെപി മറികടക്കുകയായിരുന്നു. ഇത്തവണ സ്ത്രീ വോട്ടർമാരിൽ അഞ്ച് ശതമാനത്തിലേറെ വർധനയാണ് രേഖപ്പെടുത്തിയത്. 2019ൽ 59.95 സ്ത്രീ വോട്ടർമാർ ഇത്തവണ 65.21 ശതമാനമായാണ് ഉയർന്നത്. 2019ൽ ഇത് 2,53,90,647 സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ അത് 3.06 കോടിയായി ഉയർന്നു. 52 ലക്ഷത്തിലേറെ വോട്ടിന്റെ വർധനയാണുണ്ടായത്. ലഡ്കി ബഹിൻ പദ്ധതിയുടെ കൂടുതൽ ഗുണഭോക്താക്കളുമുള്ള ഗ്രാമീണ-ആദിവാസി മേഖലകളിലാണ് ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാർ പോളിങ് ബൂത്തുകളിലെത്തിയതെന്നതും ശ്രദ്ധേയമാണ്.

Summary: Ladki Bahin Yojana became Eknath Shinde's 'magic wand'; helps the Mahayuti to retain Maharashtra

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News