മഹാരാഷ്ട്രയിലെ സ്കൂളില്‍ പുലി കയറി; ദൃശ്യങ്ങള്‍
കെട്ടിടത്തിനുള്ളിൽ പുലി നിൽക്കുന്ന സ്ഥാനം കൃത്യമായി കണ്ടെത്താനാണ് ആദ്യം ബുദ്ധിമുട്ട് നേരിട്ടത്. പുലിയുടെ സ്ഥാനം കണ്ടെത്തിയതിനു ശേഷം അടുക്കളയുടെ വാതിലിന് ഒരു ദ്വാരമിട്ടതിനു ശേഷം അതുവഴി പുലിക്ക് നേരെ മയക്കുവെടി വയ്ക്കുകയായിരുന്നു.
സ്‌കൂളിൽ പഠനത്തിൽ 'പുലികളായ' പലരും നമ്മുക്കിടയിലുണ്ട്. എന്നാൽ സാക്ഷാൽ പുലി തന്നെ സ്‌കൂളിൽ കടന്നുകൂടിയാലോ? പൊല്ലാപ്പായത് തന്നെയല്ലേ? അത്തരത്തിലൊരു സംഭവമാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ കഴിഞ്ഞദിവസമുണ്ടായത്. ശരീരത്തിൽ പരിക്കുകളോടെ ഒരു ആൺപുലിയാണ് പ്രദേശത്തെ ജവഹർ നവോദയ സ്‌കൂളിലെ ക്യാന്റീനിൽ കടന്നുകൂടിയത്. വിവരമറിഞ്ഞതോടെ വനംവകുപ്പ് അധികൃതരും സന്നദ്ധ പ്രവർത്തകരും സ്‌കൂളിലേക്ക് കുതിച്ചെത്തി.
പിന്നെ നാലുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പുലിയെ സ്‌കൂളിൽ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രക്ഷാപ്രവർത്തനത്തെ കുറിച്ച് വനം വകുപ്പ് അധികൃതർ വിവരിക്കുന്നത് ഇങ്ങനെയാണ്. പുലി ഓടിപോകാതിരിക്കാൻ ആദ്യം പുലി അകപ്പെട്ട കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ വഴികളും അടച്ചു. അതിനു ശേഷം സാഹചര്യം കൃത്യമായി വിലയിരുത്തി. കെട്ടിടത്തിനുള്ളിൽ പുലി നിൽക്കുന്ന സ്ഥാനം കൃത്യമായി കണ്ടെത്താനാണ് ആദ്യം ബുദ്ധിമുട്ട് നേരിട്ടത്. പുലിയുടെ സ്ഥാനം കണ്ടെത്തിയതിനു ശേഷം അടുക്കളയുടെ വാതിലിന് ഒരു ദ്വാരമിട്ടതിനു ശേഷം അതുവഴി പുലിക്ക് നേരെ മയക്കുവെടി വയ്ക്കുകയായിരുന്നു.
നാലുമണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിൽ പിടികൂടിയ പുലിക്ക് മതിയായ ചികിത്സ നൽകിയശേഷം ഇപ്പോൾ നിരീക്ഷണത്തിലാണ്. ജൂണാറിലെ പ്രത്യേക കേന്ദ്രത്തിലാണ് പുലിയിപ്പോൾ ഉള്ളത്.
അടുത്തിടെ മധ്യപ്രദേശിലെ പെഞ്ച് കടുവ സങ്കേതത്തിന് സമീപമുള്ള ഹൈവേയിൽ പുലിയെ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.