'സന്യാസിമാരെല്ലാം പൊതുസ്ഥലത്ത് ആരാധനാലയം പണിതാൽ എത്ര വലിയ പ്രശ്‌നമാണത്?'; ഡൽഹി ഹൈക്കോടതി

ഋഷിവര്യനായ മഹന്ത് നാഗ ബാബ ഭോല ഗിരിയുടെ പിൻതുടർച്ചക്കാരനായ അവിനാഷ് ഗിരി എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം

Update: 2024-06-01 16:24 GMT
Advertising

ന്യൂഡൽഹി: സന്യാസിമാരും ഫക്കീറുകളുമെല്ലാം പൊതുസ്ഥലത്ത് ആരാധനാലയം പണിയാൻ തുടങ്ങിയാൽ അത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഡൽഹി ഹൈക്കോടതി. ഋഷിവര്യനായ മഹന്ത് നാഗ ബാബ ഭോല ഗിരിയുടെ പിൻതുടർച്ചക്കാരനായ അവിനാഷ് ഗിരി എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം.

"നമ്മുടെ നാട്ടിൽ ആയിരത്തിലധികം സന്യാസിമാരും സദ്ഗുരുക്കളും ഫക്കീറുകളുമെല്ലാമുണ്ട്. ഇവരെല്ലാവരും സമാധിപീഠവും ആരാധനാലയവുമെല്ലാം പൊതുസ്ഥലത്ത് സ്ഥാപിക്കാൻ തുടങ്ങിയാൽ ഇതൊക്കെ എവിടെ ചെന്ന് നിൽക്കും? അതിനൊക്കെ അനുവാദം നൽകിയാൽ എന്തൊരു ഗുരുതര പ്രത്യാഘാതമാണതുണ്ടാക്കുക? പൊതുതാല്പര്യത്തെ ഹനിക്കുന്ന കാര്യങ്ങളാണതൊക്കെ". ജസ്റ്റിസ് ധർമേഷ് ശർമ ചൂണ്ടിക്കാട്ടി.

യമുനാ തീരത്ത് സ്ഥിതി ചെയ്യുന്ന നിഗംബോധ് ഘട്ട് എന്ന സ്ഥലത്ത് നാഗ ഭോലയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഭാഗം വേർതിരിച്ചു നൽകണമെന്ന ഹരജിയുമായാണ് അവിനാഷ് കോടതിയെ സമീപിച്ചത്. പ്രദേശത്തെ പല മണ്ഡപങ്ങളും ജലസേചന വകുപ്പ് പൊളിച്ച് കളഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് നാഗ ഭോലയുടെ ശവകുടീരത്തെ ഒഴിവാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.

ആദ്യം ഹരജിയുമായി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നെങ്കിലും മതിയായ രേഖകളില്ലെന്നതും നഗരവത്കരണത്തിൽ ഈ സ്ഥലത്തിന്റെ മൂല്യവും കണക്കിലെടുത്ത് ഹരജി തള്ളി. തുടർന്നാണ് ഇയാൾ ഹൈക്കോടതിയിലെത്തുന്നത്. സ്ഥലത്തിന് ചരിത്രപരമായ പ്രാധാന്യമോ മുമ്പ് ഈ സന്യാസിയുടെ പേരിൽ ഇവിടെ പൊതുവായി ആരാധന നടന്നതിന് തെളിവോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ ഭഗവാൻ ശിവന്റെ ഭക്തരായ നാഗ സാധുക്കൾ ഭാൗതിക സുഖങ്ങൾ ത്യജിക്കുന്നവരാണെന്നും അതുകൊണ്ട് തന്നെ സ്വത്തവകാശവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുന്നയിക്കുന്നത് അവരുടെ വിശ്വാസങ്ങൾക്ക് ചേർന്നതല്ലെന്നും ജഡ്ജി നിരീക്ഷിച്ചു. യമുനാ നദിയുടെ പുനരുജ്ജീവനമുൾപ്പടെ നടത്തുന്നതിന് വലിയ പ്രാധാന്യമർഹിക്കുന്ന സ്ഥലത്തിനാണ് ഹരജിക്കാരൻ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നും സ്ഥലം അനുവദിച്ച് നൽകാനും മണ്ഡപത്തിലും പൊതുപ്രാർഥനകൾ നടത്താനും യാതൊരു കാരണവശാലും അനുവദിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News