ബി.ജെ.പി തോല്‍വിയില്‍ വിമര്‍ശനം; അയോധ്യയിലെ പൂജാരിയുടെ ഗണ്‍മാനെ പിന്‍വലിച്ചു

അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയില്‍ ഭരണകൂടത്തെ വിമര്‍ശിച്ചത്

Update: 2024-06-22 16:25 GMT
Editor : Shaheer | By : Web Desk

രാജുദാസ്

Advertising

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയില്‍ വിമര്‍ശിച്ച പൂജാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്‍വലിച്ചു. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ മഹന്ത് രാജുദാസിനെതിരെയാണു നടപടിയെന്ന് ഇന്ത്യന്‍ എക്‍സ്‍പ്രസ് റിപ്പോര്‍ട്ട്  ചെയ്തു. കഴിഞ്ഞ ദിവസം യു.പി മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹിയും ജെയ്‌വീര്‍ സിങ്ങും വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു പ്രകോപനത്തിനിടയാക്കിയ സംഭവം.

യോഗത്തില്‍ വൈകിയെത്തിയ പൂജാരി ഫൈസാബാദിലെ ബി.ജെ.പി തോല്‍വിക്കുള്ള കാരണം നിരത്തി. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിന്റെ പരാജയത്തിനു പിന്നിലെ പ്രധാന കാരണമെന്നായിരുന്നു വാദം. തോല്‍വിക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജില്ലാ ഭരണകൂടത്തിനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് രാമക്ഷേത്രത്തിനടുത്തുള്ള വ്യാപാരസ്ഥാപനങ്ങളും മറ്റും ഒഴിയണമെന്നു നിര്‍ദേശിച്ച് ഭരണകൂടം നോട്ടിസ് നല്‍കിയിരുന്നു. ക്ഷേത്രപരിസരത്തെ വികസന പ്രവൃത്തികള്‍ക്കായാണ് ഉത്തരവെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, നടപടി ബി.ജെ.പിക്കെതിരെ ജനവികാരം ശക്തമാക്കാനാണ് ഇടയാക്കിയതെന്നും രാജുദാസ് വാദിച്ചു.

എന്നാല്‍, യോഗത്തിലുണ്ടായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാറിനു പൂജാരിയുടെ വാദങ്ങള്‍ പിടിച്ചില്ല. രാജുദാസിന്റെ വാദങ്ങള്‍ തള്ളി അദ്ദേഹം രംഗത്തെത്തുകയും ഇതു കൂടുതല്‍ വാഗ്വാദത്തിലേക്കു നയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സൂപ്രണ്ടിനെ കൂട്ടി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്കു ശേഷം യോഗം നടക്കുന്ന ഹാളില്‍നിന്നു പുറത്തിറങ്ങിയ രാജുദാസിന് അറിയാനായത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്‍വലിച്ചെന്ന വിവരമാണ്.

സംഭവത്തില്‍ ആര്‍ക്കും പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പൂജാരി പ്രതികരിച്ചു. സന്ന്യാസിമാരുടെ സര്‍ക്കാരിലാണ് ഇത്തരത്തില്‍ സന്ന്യാസിമാര്‍ അപമാനിക്കപ്പെടുന്നതെന്ന് രാജുദാസ് പറഞ്ഞു.

രാജുദാസിനെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഗണ്‍മാന്മാരെ പിന്‍വലിക്കാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നുവെന്നാണ് സംഭവത്തില്‍ പ്രതികരണം തേടിയപ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്. 2013, 2017, 2023 വര്‍ഷങ്ങളിലായി രാജുദാസിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യത്തെ രണ്ടുപേരെ നേരത്തെ തന്നെ പിന്‍വലിക്കുകയും ചെയ്തതാണെന്നും മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.

ജീവിതം അപകടത്തിലാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് രാജുദാസിന് ഗണ്‍മാന്മാരെ അനുവദിച്ചിരുന്നതെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍, ജനങ്ങളെ ഭീഷണിപ്പെടുത്താനും മറ്റുമൊക്കെയായി ഇതിനെ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ട്. ഭരണകൂടത്തിനും അയോധ്യക്കാര്‍ക്കുമെതിരെ മോശം ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മജിസ്‌ട്രേറ്റ് ആരോപിച്ചു.

തെരഞ്ഞെടുപ്പും വികസന പ്രവൃത്തികളും അവലോകനം ചെയ്യാനായി വിവിധ സംഘടനാ നേതാക്കളുടെയും ജില്ലാ ഭരണകൂട ഓഫിസര്‍മാരുടെയും യോഗമാണ് വിളിച്ചിരുന്നതെന്ന് യു.പി കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി പറഞ്ഞു. യോഗത്തിലേക്ക് രാജുദാസിനു ക്ഷണമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യോഗത്തില്‍ പൂജാരിയും ജില്ലാ മജിസ്‌ട്രേറ്റും തമ്മില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരിയുടെയും ബ്രജ് മേഖലാ അധ്യക്ഷന്‍ ദുര്‍വിജയ് സിങ് ഷാക്യയുടെയും നേതൃത്വത്തില്‍ ഫൈസാബാദ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്.

സിറ്റിങ് എം.പിയെന്ന നിലയ്ക്ക് ലല്ലു സിങ്ങിനെതിരെ ജനരോഷമുണ്ടായിരുന്നുവെന്നാണ് യോഗത്തിലെ ഒരു കണ്ടെത്തല്‍. ഇതോടൊപ്പം ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഭരണഘടന തിരുത്തുമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും തിരിച്ചടിയായി. ഇതോടൊപ്പം പ്രാദേശിക ഭരണകൂടത്തിനെതിരായ ജനവികാരമെല്ലാം പാര്‍ട്ടി തോല്‍വിയില്‍ പ്രതിഫലിച്ചെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍..

ഫൈസാബാദില്‍ എസ്.പിയുടെ അവദേശ് പ്രസാദിനോട് 54,567 വോട്ടിനാണ് ലല്ലു സിങ് പരാജയപ്പെട്ടത്. ലോക്‌സഭാ പരിധിയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ അയോധ്യ സദറില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താനായിരുന്നത്. ഇവിടെ തന്നെ 2019ലുണ്ടായിരുന്ന 25,587ന്റെ ഭൂരിപക്ഷം 4,667 ആയി കുത്തനെ ഇടിയുകയും ചെയ്തു.

Summary: Mahant Raju Das, head priest of the revered Hanuman Garhi temple in Ayodhya, loses police security gunner over criticism in BJP poll defeat in Faizabad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News