ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതിയെ വിട്ടുകിട്ടാൻ പൊലീസിനെ ആക്രമിച്ച് ജനക്കൂട്ടം, 14പേർക്ക് പരിക്ക്
പ്രതിയെ തങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു ജനക്കൂട്ടത്തിന്റെ ഭാഗം
മുംബൈ: ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വിട്ടുകിട്ടാൻ പൊലീസിനെ ആക്രമിച്ച് ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ജൽഗാവോൺ ജില്ലയിലാണ് സംഭവം. ജനക്കൂട്ടം നടത്തിയ കല്ലേറിൽ 14 പൊലീസുകാർക്ക് പരിക്കേറ്റു.
ജൽഗാവോണിലെ ജാംനറിൽ നിന്ന് ജൂൺ 11നാണ് കുട്ടിയെ കാണാതാകുന്നത്. ചിഞ്ച്‌കേഡ ശിവർ ഗ്രാമത്തിലെ വീട്ടിൽ രാത്രി ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം ക്രൂരമായി കൊലപ്പെടുത്തി. തുടർന്ന് രാത്രി തന്നെ ഓടി രക്ഷപെട്ട ഇയാളെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സ്റ്റേഷനിലെത്തിയെങ്കിലും അത് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചതോടെ പ്രകോപിതരായി. തുടർന്ന് ഇവർ ഗ്രാമവാസികളെ കൂട്ടിയെത്തി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു.
പ്രതിയെ തങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു ജനക്കൂട്ടത്തിന്റെ ഭാഗം. ആവശ്യം പൊലീസ് തള്ളി. എന്നാൽ പ്രതിയെ വിട്ടുകിട്ടാതെ പോകില്ലെന്നറിയിച്ച ജനക്കൂട്ടം സ്‌റ്റേഷന് മുന്നിൽ ഉപരോധം തുടങ്ങി. എന്നാൽ ഈ സമയം കൊണ്ട് പൊലീസ് പ്രതിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഇതറിഞ്ഞ ജനക്കൂട്ടം സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. സ്റ്റേഷന് പുറത്ത് ചിലർ തീയിടുകയും ചെയ്തു. ആക്രമണങ്ങളിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരു ഇൻസ്‌പെക്ടർക്കുൾപ്പടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.