മോദി സര്‍ക്കാരില്‍ ഹിറ്റ്ലറെ കാണുന്നു, സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകം- സഞ്ജയ് റാവത്ത്
ഒരു 84കാരന്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതാണോ ഇന്ത്യയുടെ ശക്തമായ അടിത്തറയെന്നും അദ്ദേഹം ചോദിച്ചു
മനുഷ്യാവകാശ പ്രവര്‍ത്തകനും ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് സഞ്ജയ് റാവത്തിന്‍റെ വിമര്‍ശനം. സ്റ്റാന്‍ സ്വാമി ജയിലില്‍വെച്ച് കൊല്ലപ്പെട്ടതാണെന്നാണ് സഞ്ജയ് റാവത്ത് സാമ്നയിലൂടെ പറഞ്ഞത്.
ഹിറ്റ്ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് കേന്ദ്രം താഴ്ന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു 84കാരന്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതാണോ ഇന്ത്യയുടെ ശക്തമായ അടിത്തറയെന്നും അദ്ദേഹം ചോദിച്ചു. വിഷം വിതക്കുന്ന പ്രസംഗങ്ങളെയും ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ സംഭവിച്ചത് സ്വാതന്ത്ര്യത്തിന് മേലുള്ള ഗൂഢാലോചനയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ അഞ്ചിനാണ് സ്റ്റാന്‍ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയായിരുന്നു അന്ത്യം.