'മൻ കി ബാത്ത് മതിയാക്കൂ, ഇത് മണിപ്പൂർ കി ബാത്തിന്റെ സമയമാണ്'; മോദിക്കെതിരെ മഹുവ മൊയ്ത്ര

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയത്.

Update: 2023-06-18 10:01 GMT
Advertising

ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയത്.

'മൻ കി ബാത്ത് മതിയാക്കൂ, ഇത് മണിപ്പൂർ കി ബാത്തിന്റെ സമയമാണ്'-തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

ദുരന്തനിവാരണത്തിലെ ഇന്ത്യയുടെ മികവിന്റെ പേരിൽ സ്വയം മുതുകത്ത് തട്ടുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ മനുഷ്യനിർമിത ദുരന്തത്തെക്കുറിച്ച് മൗനം തുടരുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഒരു മൻ കി ബാത്ത് കൂടി കഴിഞ്ഞു, പക്ഷേ മണിപ്പൂരിന്റെ കാര്യത്തിൽ മൗനമാണ്. ദുരന്തനിവാരണരംഗത്തെ ഇന്ത്യയുടെ മികവിന്റെ പേരിൽ പ്രധാനമന്ത്രി സ്വയം മുതുകത്ത് തട്ടുന്നു. മണിപ്പൂരിനെ അഭിമുഖീകരിക്കുന്ന പൂർണമായും മനുഷ്യനിർമിത (യഥാർത്ഥത്തിൽ സ്വയം വരുത്തിവച്ച) മാനുഷിക ദുരന്തത്തെക്കുറിച്ച് എന്താണ് പറയുക?-ജയറാം രമേശ് ചോദിച്ചു.

ബിപർജോയ് ചുഴലിക്കാറ്റിൽ കാര്യമായ നാശനഷ്ടങ്ങളില്ലാതെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനായത് ദുരന്തനിവാരണരംഗത്ത് ഇന്ത്യയുടെ മികവാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കച്ചിലെ ജനങ്ങൾ എത്രയും പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യവാദികൾക്ക് വലിയ അതിക്രമങ്ങളാണ് അക്കാലത്ത് നേരിടേണ്ടിവന്നത്. ജനാധിപത്യമൂല്യങ്ങളും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്നും അതിനാൽ അടിയന്തരാവസ്ഥ നമുക്കുമേൽ അടിച്ചേൽപ്പിച്ച ജൂൺ 25 മറക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News