വിവരങ്ങൾ എൻ.ഡി.ടി.വിക്ക് ലഭിച്ചു; എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ചട്ടലംഘനം നടന്നെന്ന് മഹുവ മൊയ്ത്ര
അദാനിക്ക് കീഴിലുള്ള മാധ്യമ സ്ഥാപനത്തിന് റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മഹുവ മൊയ്ത്ര ലോക്‌സഭാ സ്പീക്കർക്കെഴുതിയ കത്തിൽ പറഞ്ഞു.
ന്യൂഡൽഹി: എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ചട്ടലംഘനം നടന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചു. എത്തിക്‌സ് കമ്മിറ്റിയിൽ റിപ്പോർട്ട് പരിഗണിക്കുന്നതിന് മുമ്പ് അതിന്റെ വിവരങ്ങൾ എൻ.ഡി.ടി.വിക്ക് ലഭിച്ചു. അദാനിക്ക് കീഴിലുള്ള മാധ്യമ സ്ഥാപനത്തിന് റിപ്പോർട്ട് ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്നും മഹുവ മൊയ്ത്ര കത്തിൽ ആരോപിച്ചു.
എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കഴിഞ്ഞ ദിവസം എൻ.ഡി.ടി.വി പ്രസിദ്ധീകരിച്ചിരുന്നു. ഇത് മനപ്പൂർവം ചോർത്തിയതാണെന്നാണ് മഹുവ പറയുന്നത്. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്നാണ് മഹുവ മൊയ്ത്രക്കെതിരായ ആരോപണം. ഇന്ന് വൈകീട്ടുള്ള പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തിലാണ് മഹുവക്കെതിരായ നടപടി തീരുമാനിക്കുക. മഹുവയെ അയോഗ്യയാക്കാൻ ശിപാർശ ചെയ്യുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.