വെള്ളക്കെട്ട്: കാറിനു മുകളില്‍ തോണി കെട്ടിവെച്ച് അതിലിരുന്ന് എം.എല്‍.എയുടെ പ്രതിഷേധം, പിഴയിട്ട് പൊലീസ്

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം

Update: 2023-07-02 02:48 GMT
Advertising

ലഖ്‌നൗ: കാറിനു മുകളില്‍ തോണി കെട്ടിവെച്ച് അതിലിരുന്ന് വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ച് എം.എല്‍.എ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ആര്യനഗര്‍ എം.എല്‍.എയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അമിതാഭ് ബാജ്‌പേയിയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.  ഗതാഗത നിയമ ലംഘനത്തിന് ട്രാഫിക് പൊലീസ് എം.എൽ.എയ്ക്ക് 2000 രൂപ പിഴയിട്ടു

കാണ്‍പൂരിലെ റോഡുകളില്‍ വെള്ളക്കെട്ട് പതിവായതോടെ നടപടി ആവശ്യപ്പെട്ടായിരുന്നു എം.എല്‍.എയുടെ പ്രതിഷേധം. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ തോണി ഉപയോഗിക്കാന്‍ എം.എല്‍.എ നഗരവാസികളോട് ആവശ്യപ്പെട്ടു. അത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ലൈഫ് ജാക്കറ്റുകളും കരുതാന്‍ എം.എല്‍.എ നിര്‍ദേശിച്ചു.

മുന്‍സിപ്പല്‍ കോര്‍പറേഷന്‍റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാണ്‍പൂരിലെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് എം.എല്‍.എ ആരോപിച്ചു. കാണ്‍പൂരിലെ സര്‍സൈയ്യ ഘട്ടില്‍നിന്ന് തുടങ്ങി ബഡാ ചൗരാഹ, മെസ്റ്റണ്‍ റോഡ്, മൂല്‍ഗഞ്ച്, എക്‌സ്പ്രസ് റോഡ്, ഫൂല്‍ബാഗ് എന്നീ റോഡുകളിലൂടെയാണ് തോണിയുമായി എം.എല്‍.എ കാറില്‍ സഞ്ചരിച്ചത്.

വിഐപി റോഡ്, സിവിൽ ലൈൻസ്, ബാബുപൂർവ, റായ്പൂർവ, ജൂഹി ബ്രിഡ്ജ് എന്നിവയുൾപ്പെടെ മിക്ക പോക്കറ്റ് റോഡുകളിലും വെള്ളക്കെട്ടുണ്ട്. ജൂഹി പാലത്തിന് സമീപം വെള്ളക്കെട്ടുള്ള അടിപ്പാതയിൽ ഡെലിവറി ഏജന്റ് ചരൺ സിങ് മുങ്ങിമരിച്ചു. ജൂൺ 22നായിരുന്നു സംഭവം. അടുത്ത ദിവസമാണ് മൃതദേഹം ലഭിച്ചത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News