ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം; ഒഴിച്ചത് ജീവനക്കാരന്റെ തലയിൽ
സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്
ഹൈദരാബാദ്: ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം. സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്.
ജീവനക്കാരൻ്റെ തലയിലാണ് അക്രമി ആസിഡ് ഒഴിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. കസേരയിൽ ഇരിക്കുകയായിരുന്ന ക്ഷേത്രം ജീവനക്കാരൻ നർസിൻ റാവുവിൻ്റെ അടുത്തേക്ക് നടന്നെത്തിയ അക്രമി, തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവരാണ് റാവുവിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണം നടത്തിയയാള്‍ മുഖം മറച്ചിരുന്നു. മാത്രമല്ല ഇയാള്‍ ഹാപ്പി ഹോളി എന്നു പറഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
അതേസമയം പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് പ്രാദേശിക ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.