യുപിയിൽ റോഡരികിൽ റമദാൻ അത്താഴം കാത്തുനിന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊന്നു
ഒന്നാമത്തെ ബൈക്കിന്റെ പിൻസീറ്റിലിരുന്നയാളാണ് ഹാരിസിന് നേരെ ആദ്യം വെടിയുതിർത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലഖ്നൗ: റമദാൻ വ്രതത്തിന് മുന്നോടിയായി കഴിക്കുന്ന അത്താഴ ഭക്ഷണത്തിനായി റോഡരികിൽ കാത്തുനിന്ന യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ അലിഗഢിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അലിഗഢിലെ റോറവാർ സ്വദേശി ഹാരിസ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ 3.15ഓടെ വീടിന് സമീപം റോഡരികിലെ സ്ലാബിന് മുകളിൽ ബന്ധുവായ ഷുഹൈബിനൊപ്പം നിൽക്കുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൂവാല കൊണ്ട് മുഖം മറച്ച് രണ്ട് ബൈക്കുകളിൽ വന്ന അക്രമി സംഘം ഇവർക്കരികിലെത്തുന്നതും പൊടുന്നനെ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഒന്നാമത്തെ ബൈക്കിന്റെ പിൻസീറ്റിലിരുന്നയാളാണ് ഹാരിസിന് നേരെ ആദ്യം വെടിയുതിർത്തത്. രക്ഷപെടാൻ ശ്രമിച്ചെങ്കിലും യുവാവ് വെടിയേറ്റു വീണു. ഇതോടെ ബൈക്കിൽ നിന്നിറങ്ങിയ അക്രമി ഒരിക്കൽക്കൂടി നിറയൊഴിച്ചു. ഈസമയം രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ആൾ സമീപത്തെത്തി മരണം ഉറപ്പാക്കാനായി വീണ്ടും മൂന്നു തവണ കൂടി വെടിവയ്ക്കുകയും തുടർന്ന് നാലു പേരും ബൈക്കിൽ കയറി പോവുകയുമായിരുന്നു.
വെടിവച്ചതോടെ ഒപ്പമുണ്ടായിരുന്ന ഷുഹൈബ് ഓടിരക്ഷപെടുകയും ഹാരിസിനെ കാെലപ്പെടുത്തിയ ശേഷം അക്രമികൾ ഇയാൾക്കു നേരെയും വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ നാലു പേരും ബൈക്കിൽ കയറി അതിവേഗത്തിൽ പാഞ്ഞുപോകുമ്പോൾ മറ്റൊരു യുവാവ് അവർക്കു നേരെ ഒച്ചവച്ച് ഓടിപ്പോവുന്നതും വീഡിയോയിലുണ്ട്.
വ്യക്തിവൈരാഗ്യമാവാം ഹാരിസിനെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മറ്റ് വശങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
'പുലർച്ചെ 3.30ഓടെയാണ് വെടിവയ്പ്പിനെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഹാരിസിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മായങ്ക് പഥക് പറഞ്ഞു.
ഹാരിസ് തനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയാണെന്ന് ബന്ധുവായ ഷുഹൈബ് പറഞ്ഞു. 'ഞങ്ങൾ പുലർച്ചെ മൂന്നു മണിയോടെയാണ് ഇവിടെ ഭക്ഷണം വാങ്ങാനായി എത്തിയത്. അപ്പോഴാണ് ഹാരിസിന് വെടിയേറ്റത്. ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. വെടിവച്ചവർ ക്രിമിനലുകളാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.