ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് 23 ലക്ഷം ബില്ലടയ്ക്കാതെ മുങ്ങിയ 'വ്യാജ യുഎഇ രാജകുടുംബ ജീവനക്കാരൻ' പിടിയിൽ

ഹോട്ടൽ മാനേജ്മെന്‍റിന്‍റെ പരാതിയിൽ കേസെടുത്ത പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.

Update: 2023-01-22 05:33 GMT
Man Who Fled from Delhi 5 Star Hotel without paying 23 Lakh Rupees Bill, Arrested
AddThis Website Tools
Advertising

ന്യൂഡൽഹി: യുഎഇ രാജകുടുംബത്തിലെ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നാല് മാസം താമസിച്ച് 23 ലക്ഷം രൂപ വാടക നല്‍കാതെ മുങ്ങിയ ആൾ ഒടുവിൽ വലയിൽ. കർണാടക ദക്ഷിണ കന്നഡ സ്വദേശിയായ മുഹമ്മദ് ഷരീഫ് (41) ആണ് പിടിയിലായത്. ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ താമസിച്ച ശേഷമാണ് ഇയാൾ പണമടയ്ക്കാതെ മുങ്ങിയത്.

നവംബർ 20ന് മുങ്ങിയ പ്രതിയെ രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. ഹോട്ടൽ മാനേജ്മെന്‍റിന്‍റെ പരാതിയിൽ വഞ്ചന, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്ത ഷരീഫിനായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. 23,46,413 രൂപ ബിൽ അടയ്ക്കാതെ മുങ്ങിയ ഇയാൾ മുറിയിൽ നിന്ന് വെള്ളി പാത്രങ്ങളും പേൾ ട്രേയും ഉൾപ്പെടെ നിരവധി സാധനങ്ങൾ അടിച്ചുമാറ്റുകയും ചെയ്തിരുന്നു.

പരാതിയിൽ ഡൽഹി സരോജിനി ന​ഗർ പൊലീസ് സ്റ്റേഷനിൽ ജനുവരി 14നാണ് കേസ് രജിസ്റ്റർ ചെയ്തത്. ലീലാ പാലസ് ഹോട്ടൽ ജനറൽ മാനേജർ അനുപം ദാസ് ​ഗുപ്തയുടെ പരാതിയിലായിരുന്നു നടപടി. ദക്ഷിണ കന്നഡയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആഗസ്ത് ഒന്നിന് ലീലാ പാലസിലെത്തിയ ഷരീഫ്, താൻ യുഎഇയിൽ താമസക്കാരനാണെന്നും രാജകുടുംബത്തിലെ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാനുമായി അടുത്ത ബന്ധമുണ്ടെന്നും ജീവനക്കാരോട് പറഞ്ഞിരുന്നു. ബിസിനസ് കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഒരു ബിസിനസ് കാർഡും യു.എ.ഇ റസിഡന്‍റ് കാർഡും മറ്റ് രേഖകളും തെളിവായി കാണിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം വ്യാജമായിരുന്നു.

താന്‍ പറഞ്ഞത് വിശ്വസിക്കാനായി ജീവനക്കാരോട് യുഎഇയിലെ ജീവിതത്തെക്കുറിച്ച് ഇയാള്‍ നിരന്തരം സംസാരിച്ചിരുന്നു. നാലു മാസത്തെ താമസത്തിനിടെ മുറിയുടെയും സേവനങ്ങളുടെയും ബില്ല് 35 ലക്ഷം രൂപയായിരുന്നു. എന്നാൽ 11.5 ലക്ഷം രൂപ നൽകിയ ശേഷം ബാക്കി നൽകാതെ പ്രതി കടന്നുകളയുകയായിരുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News