അല്‍ഫോന്‍സ മാമ്പഴം ഇഎംഐയില്‍ വാങ്ങാം; വ്യത്യസ്തമായ കച്ചവട തന്ത്രവുമായി വ്യാപാരി
സാധാരണക്കാര്‍ക്ക് ഇഎംഐയില്‍ മാമ്പഴം വാങ്ങാനാണ് ഗൗരവ് അവസരമൊരുക്കുന്നത്
പൂനൈ: ചുട്ടുപൊള്ളുന്ന വേനല്‍ക്കാലമാണ്...ഈ സമയത്ത് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പഴവര്‍ഗങ്ങള്‍ക്കാണെങ്കില്‍ പൊള്ളുന്ന വിലയും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് പൂനെ സിംഹഗഡ് റോഡ് ഏരിയയിലെ ഗൗരവ് സനാസ് എന്ന വ്യാപാരി. സാധാരണക്കാര്‍ക്ക് ഇഎംഐയില്‍ മാമ്പഴം വാങ്ങാനാണ് ഗൗരവ് അവസരമൊരുക്കുന്നത്.
ഗുരുകൃപ ട്രേഡേഴ്‌സ് ആൻഡ് ഫ്രൂട്ട് പ്രൊഡക്ട്‌സ് നടത്തുകയാണ് ഗൗരവ്. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അല്‍ഫോന്‍സാ മാമ്പഴമാണ് ഇഎംഐയില്‍ വില്‍ക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം അല്‍ഫോന്‍സ മാമ്പഴം വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ഇത്തരത്തില്‍ മാമ്പഴം വാങ്ങാമെന്ന് ഗൗരവ് പറയുന്നു. റഫ്രിജറേറ്ററുകളും എയർകണ്ടീഷണറുകളും തവണകളായി വാങ്ങാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് മാമ്പഴം വാങ്ങിക്കൂടാ എന്ന് സനാസ് ചോദിച്ചു. തന്‍റെ കടയാണ് രാജ്യത്ത് ആദ്യമായി ഇഎംഐയിൽ മാമ്പഴം വിൽക്കുന്നതെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
ദേവഗഡ്, രത്‌നഗിരി എന്നിവിടങ്ങളിൽ നിന്നുള്ള അൽഫോൻസാ മാമ്പഴം ചില്ലറ വിൽപനയിൽ ഡസന് 800 രൂപ മുതൽ 1300 രൂപ വരെക്കാണ് വില്‍ക്കുന്നത്. "അൽഫോൻസാ മാമ്പഴത്തിന് വില കൂടുതലാണ്, അത് എല്ലാവർക്കും താങ്ങാനാവുന്നതല്ല. ഒറ്റയടിക്ക് പണമടയ്ക്കാൻ കഴിയാത്തതിനാൽ ആളുകൾ ഇഎംഐയിൽ പല സാധനങ്ങളും വാങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ ഇവിടെ മാമ്പഴം വിൽക്കാൻ ഞാൻ ഈ ആശയം അവതരിപ്പിക്കുകയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഓപ്ഷനുകൾ വഴി അത് നടപ്പിലാക്കുകയും ചെയ്തു. ഇവിടെ ഇഎംഐയിൽ മാമ്പഴം വാങ്ങാൻ മിനിമം പരിധിയില്ല. പല ഉപഭോക്താക്കൾക്കും ഇത് ഇഎംഐയിൽ വാങ്ങാൻ മടിക്കുന്നു, എന്നാൽ അവരിൽ ചിലർ ഈ ഓപ്ഷൻ തെരഞ്ഞെടുത്തു" അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഇഎംഐയിൽ തന്‍റെ ഔട്ട്‌ലെറ്റിൽ പഴങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമം തവണകളായി മൊബൈൽ ഫോണുകൾ വാങ്ങുന്നതിന് സമാനമാണെന്നും സനാസ് വിശദീകരിച്ചു.ബിൽ തുക ഇഎംഐകളാക്കി മാറ്റാൻ അനുവദിക്കുന്ന പോയിന്‍റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.എന്നിരുന്നാലും, കുറഞ്ഞത് 5,000 രൂപയുടെ പർച്ചേസിന് മാത്രമേ ഈ സ്കീം ലഭ്യമാകൂ എന്ന് സനാസ് വ്യക്തമാക്കി.ഇതുവരെ നാല് ഉപഭോക്താക്കൾ പദ്ധതി പ്രയോജനപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.