മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തി റാഗിങ്; എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
മരണത്തിൽ ദുരൂഹതയുണ്ടെന്നും ഗുജറാത്ത് സർക്കാരിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും ബന്ധുക്കൾ പറഞ്ഞു
അഹമ്മദാബാദ്: സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിങ്ങിന് ഇരായായ എംബിബിഎസ് വിദ്യാർഥി മരിച്ചു. ഗുജറാത്തിലെ പടാൻ ജില്ലയിലെ ജിഎംഇആർഎസ് മെഡിക്കൽ കോളജിലാണ് സംഭവം. 18 കാരനെ മൂന്ന് മണിക്കൂറോളം തുടർച്ചയായി നിർത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അനിൽ മെതാനിയ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഹോസ്റ്റലിലെ സീനിയേഴ്സ് നടത്തിയ റാഗിങ്ങിനിടയിൽ മൂന്ന് മണിക്കൂറോളമാണ് അനിൽ മെതാനിയ അടക്കമുള്ളവരെ തുടർച്ചയായി മുതിർന്ന വിദ്യാർത്ഥികൾ നിർത്തിയത്. ഇതിന് പിന്നാലെ അബോധാവസ്ഥയിലായ വിദ്യാർത്ഥിയെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചതെന്ന് കോളജ് ഡീൻ ഡോ. ഹാർദിക് ഷാ പറഞ്ഞു.
വിദ്യാർത്ഥി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൂന്ന് മണിക്കൂർ നേരം നിർത്തി കോളേജ് ഹോസ്റ്റലിൽ സീനിയേഴ്സിന് മുന്നിൽ സ്വയം പരിചയപ്പെടുത്തിയതിന് ശേഷമാണ് മെതാനിയ മരിച്ചതെന്ന് സഹപാഠികൾ പറഞ്ഞതായി ഹാർദിക് ഷാ അറിയിച്ചു.
കോളേജിലെ റാഗിംഗ് വിരുദ്ധ സമിതി വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന വിദ്യാർത്ഥികൾ റാഗിംഗിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ബലിസാന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സർക്കാരിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും മെതാനിയയുടെ ബന്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു.