ജോലി ഉപേക്ഷിക്കാൻ ഭർത്താവ് ഭാര്യയെ നിർബന്ധിക്കുന്നത് ക്രൂരത: മധ്യപ്രദേശ് ഹൈക്കോടതി
ഭർത്താവിനോ ഭാര്യക്കോ പരസ്പരം ഏതെങ്കിലും ജോലി ഏറ്റെടുക്കാനോ ഉപേക്ഷിക്കാനോ നിർബന്ധിക്കാൻ അവകാശമില്ലെന്നും കോടതി പറഞ്ഞു.
ഭോപ്പാൽ: ജോലി ഉപേക്ഷിച്ച് ഭർത്താവിന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭർത്താവിനോ ഭാര്യക്കോ പരസ്പരം ഏതെങ്കിലും ജോലി ഏറ്റെടുക്കാനോ ഉപേക്ഷിക്കാനോ നിർബന്ധിക്കാൻ അവകാശമില്ലെന്നും ചീഫ് ജസ്റ്റിസ് സുരേഷ് കുമാർ കൈത്, സുഷ്‌റൂർ ധർമാധികാരി എന്നിവരുടെ ബെഞ്ച് പറഞ്ഞു.
''ഭർത്താവായാലും ഭാര്യയായാലും ഒരുമിച്ച് ജീവിക്കുക എന്നത് അവരുടെ താൽപ്പര്യമാണ്. അതിനപ്പുറം ഏതെങ്കിലും ജോലി ചെയ്യാനോ ചെയ്യാതിരിക്കാനോ പരസ്പരം നിർബന്ധിക്കാനാവില്ല. ഈ കേസിൽ തനിക്ക് ജോലി കിട്ടുന്നത് വരെ ഭാര്യ സർക്കാർ ജോലി ഉപേക്ഷിക്കണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോലി ഉപേക്ഷിച്ച് ഭാര്യ തന്റെ ഇഷ്ടത്തിന് നിർബന്ധിക്കണമെന്ന് ഭർത്താവ് നിർബന്ധിക്കുന്നത് ക്രൂരതയാണ്''- കോടതി പറഞ്ഞു.
വിവാഹമോചന ഹരജി തള്ളിയ കുടുംബകോടതി വിധി തള്ളിയതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളുടെയും തെളിവുകളുടെയും അഭാവം ചൂണ്ടിക്കാട്ടിയാണ് കുടുംബകോടി ഇവരുടെ ഹരജി തള്ളിയത്. 2014ലാണ് ദമ്പതികൾ വിവാഹിതരായത്. 2017ൽ യുവതി എൽഐസി ഹൗസിങ് ഫിനാൻസിൽ അസിസ്റ്റന്റ് മാനേജരായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ തനിക്ക് ജോലി ലഭിക്കുന്നതുവരെ ഭാര്യ ജോലി രാജിവെച്ച് തനിക്കൊപ്പം താമസിക്കണമെന്ന് ഭർത്താവ് നിർബന്ധിക്കുകയായിരുന്നു. ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.