ആർഎസ്എസ് വിരുദ്ധ പരാമർശം; ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി കോടതി

പരാതിക്കാരൻ കേസിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് കോടതി നടപടി.

Update: 2024-11-18 06:19 GMT
Advertising

മുംബൈ: ആർഎസ്എസിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി. മുംബൈ മുലുന്ദ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരൻ കേസിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് കോടതി നടപടി.

ആർഎസ്എസ് അനുകൂലിയായ അഭിഭാഷകൻ സന്തോഷ് ദുബെയാണ് 2021 ഒക്ടോബറിൽ ജാവേദ് അക്തറിനെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്.ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ജാവേദ് അക്തര്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നും, സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ താലിബാന്‍കാരും ഹിന്ദു തീവ്രവാദികളും ഒരേപോലെ ഉള്ളവരാണെന്ന് അക്തര്‍ പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499 (അപകീര്‍ത്തിപ്പെടുത്തല്‍), 500 (അപകീര്‍ത്തിക്കുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പരാതി നല്‍കിയത്.

പിന്നീട് മധ്യസ്ഥ ചർച്ചയിൽ പ്രശ്‌നം പരിഹരിച്ചുവെന്നും അതിനാൽ വിചാരണ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. കേസ് പിൻവലിക്കാൻ മജിസ്‌ട്രേറ്റിന് പരാതിക്കാരൻ അപേക്ഷയും നൽകി. ഇത് പരിഗണിച്ചാണ് കോടതി ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News