'എനിക്ക് ശരിക്ക് ഇഷ്ടമായി'; തരൂരിനെ പിന്തുണച്ച് നടി മീര ചോപ്ര
നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് തരൂര്‍ പത്രിക സമര്‍പ്പിച്ചത്
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എംപി ശശി തരൂരിന് സിനിമാ മേഖലയിൽ നിന്നൊരു പിന്തുണ. തെന്നിന്ത്യൻ നടി മീരാ ചോപ്രയാണ് പിന്തുണ നൽകി രംഗത്തെത്തിയത്. തനിക്ക് ഇയാളെ ശരിക്ക് ഇഷ്ടമായി എന്ന ശീർഷകത്തോടെ എബിപി ന്യൂസ് നടത്തിയ ഇന്റർവ്യൂ പങ്കുവച്ചാണ് നടി തരൂരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ഇന്നുച്ചയ്ക്കാണ് തരൂർ കോൺഗ്രസ് ആസ്ഥാനത്തെത്തി പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം കോൺഗ്രസ് ആസ്ഥാനത്തെത്തിയത്.
ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് മീര. 2005ൽ അൻപെ ആരുയിരെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവർ സിനിമയിൽ അരങ്ങേറിയത്. വിക്രം ഭട്ടിന്റെ 1920: ലണ്ടൻ, സതീശ് കൗശികിന്റെ ഗാങ് ഓഫ് ഘോസ്റ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അർജുൻ രാംപാൽ നായകനായ നാസ്തികാണ് പുറത്തിറങ്ങാനുള്ള ചിത്രം.
അതിനിടെ, കോൺഗ്രസ് പാർട്ടിയെ മുമ്പോട്ടു നയിക്കാനുള്ള നയരേഖ തന്റെ പക്കലുണ്ടെന്നും ഹൈക്കമാൻഡ് സംസ്‌കാരം അവസാനിപ്പിക്കേണ്ട സമയമായെന്നും ശശി തരൂർ പറഞ്ഞു. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തൽസ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നവർ എനിക്കു വേണ്ടി വോട്ടു ചെയ്യില്ല. ഞാൻ മാറ്റത്തെയും വ്യത്യസ്ത സമീപനത്തെയും പ്രതിനിധീകരിക്കുന്നു. പാർട്ടിയെ മുമ്പോട്ടു കൊണ്ടുപോകാനുള്ള കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു. ചരിത്രത്തിൽ പാർട്ടിക്ക് ധാരാളം വിജയകഥകളുണ്ട്. കുറച്ചുവർഷങ്ങളായി തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്നത് സൗഹൃദമത്സരമാണ് എന്നും തരൂർ കൂട്ടിച്ചേർത്തു. 'ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് കോൺഗ്രസ് പ്രസിഡണ്ട് ഉറപ്പുതന്നിട്ടുണ്ട്. ഗാന്ധി കുടുംബം ഈ പോരാട്ടത്തിൽ നിഷ്പക്ഷമാണ്. എത്ര സ്ഥാനാർത്ഥികളുണ്ടോ അവരെയെല്ലാം കുടുംബം സ്വാഗതം ചെയ്യുന്നു. ആ സ്്പിരിറ്റിലാണ് ഞാൻ സ്ഥാനാർത്ഥിയായത്. ഇത് ആരെയും അനാദരിക്കാനല്ല. സൗഹൃദമത്സരമാണിത്' - തരൂർ വ്യക്തമാക്കി.
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തരൂർ ഒറ്റയ്ക്കായി. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പന്തുണ നൽകിയതോടെയാണ് തരൂർ ഒറ്റപ്പെട്ടത്. കത്തയച്ച നേതാക്കളിൽ പ്രമുഖനായിരുന്നു തരൂർ.
ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിന്തുണക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ജി 23 നേതാക്കൾ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനത്തിലാണ് അപ്രതീക്ഷിതമായാണ് ഇവർ നിലപാടു മാറ്റിയത്. ജി 23യിലെ പൃത്ഥ്വിരാജ് ചവാൻ, മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, ആനന്ദ് ശർമ്മ എന്നിവരാണ് ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്.
പദവിയിലേക്ക് മത്സരിക്കുമെന്ന് കരുതിയിരുന്ന ദിഗ് വിജയ് സിങ് അവസാന നിമിഷം പിന്മാറിയതോടെയാണ് സ്ഥാനാർത്ഥിത്വം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയിലെത്തിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. ഒരാൾ, ഒരു പദവി പ്രകാരം അധ്യക്ഷ പദവിയിലെത്തുമ്പോൾ ഈ സ്ഥാനം ഒഴിയേണ്ടി വരും.