അനാഥര്‍ക്കു വേണ്ടി ജോലി ഉപേക്ഷിച്ചു യു ട്യൂബ് ചാനല്‍ തുടങ്ങി; ആയിരങ്ങള്‍ക്ക് സൗജന്യഭക്ഷണം നല്‍കി മൂന്നു യുവാക്കള്‍

അനാഥരായ കുട്ടികൾക്കും ഭവനരഹിതർക്കും ദരിദ്രർക്കും ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഖ്വാജയും സുഹൃത്തുക്കളായ ശ്രീനാഥ് റെഡ്ഡി, ഭഗത് റെഡ്ഡി എന്നിവർ ചേർന്ന് നവാബ്സ് കിച്ചന്‍ എന്ന യു ട്യൂബ് ചാനല്‍ ആരംഭിക്കുന്നത്

Update: 2022-04-30 03:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: സോഷ്യല്‍മീഡിയ വീഡിയോകളിലൂടെ കണ്ണോടിച്ചുപോകുമ്പോള്‍ വെള്ള കുർത്തയും പൈജാമയും തലയിൽ തഖിയയും ധരിച്ച ഒരാൾ തുറസായ സ്ഥലത്തിരുന്നു പാചകം ചെയ്യുന്ന വീഡിയോ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. ''നിങ്ങൾക്ക് സമാധാനവും ദൈവത്തിന്‍റെ കരുണയും അനുഗ്രഹവും ഉണ്ടാകട്ടെ. ഞാൻ നിങ്ങളുടെ ഖ്വാജ മൊയ്‌നുദ്ദീൻ ആണ്'' എന്ന ആമുഖത്തോടെ പാചകം ചെയ്യുന്ന യുവാവിനെ ഒരു വട്ടം വീഡിയോ കണ്ടവരാരും മറക്കില്ല. ചെറുചിരിയോടെയാണ് വീഡിയോയിലുടനീളം അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. നവാബ്സ് കിച്ചന്‍ എന്ന യു ട്യൂബ് ചാനലിലൂടെയാണ് മൊയിനുദ്ദീന്‍ കൊതിയൂറുന്ന വിഭവങ്ങള്‍ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. പാചകം ചെയ്യുക മാത്രമല്ല ആ ഭക്ഷണം അനാഥര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുക കൂടി ചെയ്യുന്നുണ്ട് മൊയ്‌നുദ്ദീൻ.


അനാഥരായ കുട്ടികൾക്കും ഭവനരഹിതർക്കും ദരിദ്രർക്കും ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഖ്വാജയും സുഹൃത്തുക്കളായ ശ്രീനാഥ് റെഡ്ഡി, ഭഗത് റെഡ്ഡി എന്നിവർ ചേർന്ന് നവാബ്സ് കിച്ചന്‍ എന്ന യു ട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച മൊയ്‌നുദ്ദീൻ തെലങ്കാനയിലെ വാറങ്കലിലാണ് വളർന്നത്. പിന്നീട് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അവിടെ 12 വർഷം മാധ്യമരംഗത്ത് പ്രവർത്തിച്ചു. മൊയ്‌നുദ്ദീനും ശ്രീനാഥും ഭഗത്തും ഒരിക്കൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. 2017 സെപ്തംബര്‍ മുതല്‍ അവർ വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങി. 2017 നവംബറില്‍ നവാബ്സ് കിച്ചണിൽ തുടരുന്നതിനായി മൂന്ന് സുഹൃത്തുക്കളും ഒരുമിച്ച് ജോലി ഉപേക്ഷിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 2.57 മില്യണിലധികം സബ്‌സ്‌ക്രൈബർമാരെയും 309 മില്യൺ കാഴ്ചക്കാരെയും യൂട്യൂബ് ചാനൽ നേടിയത്.

തുറസായ സ്ഥലത്ത് വച്ചാണ് ഖ്വാജ പാചകം ചെയ്യുന്നത്. ഭക്ഷണം തയ്യാറാക്കിക്കഴിഞ്ഞാൽ, നവാബ്സ് കിച്ചൺ ടീം അത് അനാഥാലയങ്ങളിലും ചേരികളിലും തൊഴിലാളി സമൂഹങ്ങളിലുമുള്ള കുട്ടികൾക്ക് വിതരണം ചെയ്യും. ഫ്രണ്ട്സ് ഫൗണ്ടേഷൻ, ഷൂനെം ഓർഫനേജ്, ചൈൽഡ് ഹെവൻ ഓർഫനേജ്, അമ്മ ഓൾഡ് ഏജ് ഹോം, ഗച്ചിബൗളിയിലെ ചേരി പ്രദേശങ്ങൾ, ലേബർ അദ്ദ നർസിംഗി, അമീന മദർസ എന്നിവയാണ് നവാബ്സ് കിച്ചൻ ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങളില്‍ ചിലത്. അഞ്ചു വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അന്നം നല്‍കിയിട്ടുണ്ട് ഖ്വാജയും കൂട്ടുകാരും.

മൊയ്‌നുദ്ദീന്‍റെ ഭാര്യ നഹിദ ബീഗവും ഭര്‍ത്താവിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ജോലി ഉപേക്ഷിക്കുമ്പോള്‍ തന്‍റെ സാമ്പത്തികനില ഭദ്രമായിരുന്നില്ലെന്നും എന്നാല്‍ ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും മൊയ്‌നുദ്ദീൻ ടൈംസ് നൗവിനോട് പറഞ്ഞു.'' എനിക്ക് 12 വയസുള്ളപ്പോൾ, ഞാൻ എന്‍റെ മാതാവിനോടൊപ്പം ട്രയിനിൽ യാത്ര ചെയ്യുകയായിരുന്നു. വിജയവാഡ റെയിൽവേ സ്റ്റേഷനിൽ 20-30 മിനിറ്റ് ട്രയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. അവിടെ ഒരു കൊച്ചുകുട്ടി ട്രാക്കിൽ ഇരുന്നു വേസ്റ്റായ ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടു. എന്‍റെ പോക്കറ്റില്‍ പണമുണ്ടായിരുന്നില്ല. പക്ഷെ ആ കുട്ടിയുടെ അവസ്ഥ എനിക്ക് മനസിലാകുമായിരുന്നു. വില കൂടിയതിനാൽ അവർക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ കഴിയില്ല. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്കത് നല്‍കുന്നു'' ഖ്വാജ പറയുന്നു. അമ്മയില്‍ നിന്നും മുത്തശ്ശിയില്‍ നിന്നുമാണ് ഖ്വാജ പാചകം പഠിച്ചത്. മുത്തശ്ശിയുടെ പാചകക്കുറിപ്പുകള്‍ അതിശയിപ്പിക്കുന്നതാണെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു.


ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണ് നവാബ്സ് കിച്ചൻ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്.ഖ്വാജയുടെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഭക്ഷണം പാകം ചെയ്യുന്ന തുറസായ സ്ഥലം.പ്രീ-പ്രൊഡക്ഷൻ, ചേരുവകൾ, പാചകക്കുറിപ്പുകൾ തെരഞ്ഞെടുക്കൽ എന്നിവ ഭഗതാണ് നോക്കുന്നു. സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നത് ശ്രീനാഥാണ്. ഇപ്പോള്‍ 12 പേരാണ് ഇവരുടെ സംഘത്തിലുള്ളത്. അനാഥരായ കുട്ടികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം ഖ്വാജയോട് ആവശ്യപ്പെടാറുണ്ട്. നവാബ്സ് കിച്ചന്‍ അതും നല്‍കുകയും ചെയ്യുന്നു. ആദിവാസി കുട്ടികള്‍ക്കു വേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നതാണ് ഖ്വാജയുടെ ഏറ്റവും വലിയ സ്വപ്നം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News