'നാൻ തിരിപ്പിയടിച്ചാൽ ഉങ്കളാൽ താങ്കമുടിയാത്'; ബി.ജെ.പിയെ കലൈഞ്ജറുടെ വാക്കുകൾ ഓർമിപ്പിച്ച് സ്റ്റാലിൻ
''അണ്ണാ ഡി.എം.കെയെപ്പോലെ ഞങ്ങൾ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. അടിച്ച പന്ത് വന്ന് നെറ്റിയിൽ കൊള്ളും''
ചെന്നൈ: ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥലങ്ങളിൽ ഏജൻസികളെ ഉപയോഗിക്കലാണ് ബി.ജെ.പിയുടെ രീതിയെന്ന് സ്റ്റാലിൻ പറഞ്ഞു. അവർക്കറിയാവുന്ന ഒരേയൊരു രീതിയും അതാണ്. ജനങ്ങൾ ബി.ജെ.പിയെ വിശ്വസിക്കുന്നില്ല. അപ്പോൾ ബി.ജെ.പി വളഞ്ഞ വഴി സ്വീകരിക്കുകയാണ്. ശിവസേനയേയും, മമതയേയും. ഡി.കെ ശിവകുമാറിനെയും ആർ.ജെ.ഡിയേയും എല്ലാം ഈ നിലക്കാണ് കൈകാര്യം ചെയ്തതെന്നും സ്റ്റാലിൻ പറഞ്ഞു. വൈദ്യുതമന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.
അണ്ണാ ഡി.എം.കെയെപ്പോലെ അടിമയായി മാറാത്തവർക്ക് ഇതാണ് അനുഭവം. അണ്ണാ ഡി.എം.കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. അവർക്കൊപ്പം ചേർന്നതോടെ എല്ലാ നടപടികളും നിർത്തിവെച്ചു. എന്നാൽ തങ്ങൾ അതുപോലെ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. ഡി.എം.കെ അങ്ങനെയൊരു കക്ഷിയല്ലെന്ന് ഓർത്തോളൂ. അടിച്ച പന്ത് തിരികെ വന്ന് നെറ്റിയിൽ കൊള്ളും. താൻ തിരിച്ചടിച്ചാൽ താങ്ങാനാവില്ലെന്ന് കലൈഞ്ജർ പറഞ്ഞിട്ടുണ്ട്, അത് ഓർമ്മിപ്പിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.
തങ്ങൾ അധികാരത്തിനായി മാത്രം പാർട്ടി നടത്തുന്നവരല്ല. ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരാണ്. ഡി.എം.കെയുടെ പോരാട്ടങ്ങൾ എങ്ങനെയുള്ളതാണെന്ന് ഡൽഹിയിലുള്ള മുതിർന്നവരോട് ചോദിച്ചു പഠിക്കണം. എല്ലാതരം രാഷ്ട്രീയവും തങ്ങൾക്കറിയാം. ഇത് വെല്ലുവിളിയല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.
ജയലളിത മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കാലത്ത് ജോലിക്ക് കോഴവാങ്ങിയെന്ന കേസിലാണ് സെന്തിൽ ബാലാജിയെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആൻജിയോഗ്രാം ടെസ്റ്റിൽ ഗുരുതര പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയക്ക് നിർദേശം നൽകിയിരുന്നു.