16,000 കോടിക്ക് രണ്ട് വിമാനങ്ങൾ വാങ്ങിയ മോദി 18,000 കോടിക്ക് എയർ ഇന്ത്യ വിറ്റു: പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
കഴിഞ്ഞ വർഷം തനിക്കായി രണ്ട് വിമാനങ്ങള്‍ 16,000 കോടി നല്‍കി വാങ്ങിയ പ്രധാനമന്ത്രി വെറും 18,000 കോടിക്ക് എയര്‍ ഇന്ത്യയെ സുഹൃത്തുക്കള്‍ക്ക് വിറ്റുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. ഈ വില്‍പനയില്‍ നിന്നുതന്നെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും -പ്രിയങ്ക അഭിപ്രായപ്പെട്ടു.
"ഈ രാജ്യം പ്രധാനമന്ത്രിയുടെയോ അദ്ദേഹത്തിന്റെ മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല. ഇത് നിങ്ങളുടെ രാജ്യമാണ്. നിങ്ങളിത് മനസ്സിലാക്കിയില്ലെങ്കിൽ ഈ രാജ്യത്തെയും നിങ്ങളെയും സംരക്ഷിക്കാൻ നിങ്ങൾക്കാവില്ല. നിങ്ങളാണ് ഈ രാജ്യം നിർമ്മിച്ചത്." പ്രിയങ്ക പറഞ്ഞു.
കേന്ദ്ര മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് പറഞ്ഞ പ്രിയങ്ക, കർഷകരെ കൊന്ന മന്ത്രിപുത്രന് ക്ഷണക്കത്ത് അയക്കുകയാണ് പൊലീസ് ചെയ്തതെന്നും പരിഹസിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികളെ സംരക്ഷിക്കുകയാണെന്നും അവർ ആരോപിച്ചു.
ലഖിംപൂര്‍ കൂട്ടക്കൊലയില്‍ പ്രതിയായ മന്ത്രിയുടെ മകനെ സംരക്ഷിക്കുന്നത് സര്‍ക്കാറാണ്. കര്‍ഷകര്‍ക്കും സ്ത്രീകളും യുപിയില്‍ നേരിടുന്നത് കടുത്ത നീതി നിഷേധമാണെന്നും, ജയിലിലടച്ചാലും നീതിക്കായി പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു