'തേജസിനെ പറത്താൻ ഇനി മോഹന സിങ്' ; തേജസ് യുദ്ധവിമാനം പറപ്പിക്കാൻ ആദ്യ വനിതാ പൈലറ്റ്‌

ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യ മൂന്നുപേരിൽ ഒരാളായിരുന്നു മോഹന സിങ്

Update: 2024-09-18 07:41 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധ വിമാനം പറത്തുന്ന ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്ലൈയിങ് ബുള്ളറ്റ്സ് അഥവാ പറക്കും വെടിയുണ്ട എന്നു പേരുള്ള 18 ആം നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായിരിക്കുകയാണ് ഈ 32 കാരി പൈലറ്റ്. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യ മൂന്നുപേരിൽ ഒരാളായിരുന്നു രാജസ്ഥാൻ സ്വദേശിനിയായ മോഹന സിങ്. ഭാവനാ കാന്ത്, അവ്‌നി ചതുർവേദി എന്നിവരായിരുന്നു മറ്റ് രണ്ടു പേർ. ഇരുവരും നിലവിൽ എസ് യു 30 എംകെഐ യുദ്ധവിമാനങ്ങളാണ് പറത്തുന്നത്.

ജോധ്പൂരിൽ അടുത്തിടെ നടത്തിയ തരംഗ് ശക്തി അഭ്യാസത്തിൽ മോഹന സിങും ഉണ്ടായിരുന്നു. മൂന്ന് സായുധ സേനാ ഉപമേധാവികൾ കാഴ്ചക്കാരായെത്തിയ ചടങ്ങിൽ യുദ്ധവിമാനം പറത്തി മോഹന സിങ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തുവരെ മിഗ് 21 വിമാനങ്ങൾ പറത്തിക്കൊണ്ടിരുന്ന മോഹനയെ പാകിസ്താൻ അതിർത്തിയോടു ചേർന്നുള്ള ഗുജറാത്ത് സെക്ടറിലെ നാലിയ എയർബേസിലെ ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ് സ്‌ക്വാഡ്രണിലേക്ക് നിയമിക്കുകയായിരുന്നു.

നിലവിൽ ഇന്ത്യൻ വ്യോമസേനയിൽ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരാണ് ഉള്ളത്. 2016ലാണ് യുദ്ധവിമാനം പറത്താൻ വനിതാ പൈലറ്റുമാർക്ക് കേന്ദ്ര സർക്കാർ അവസരം നൽകിയത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News