ഡൽഹി അതിഷി മന്ത്രിസഭയില്‍ നാല് മുൻ മന്ത്രിമാര്‍ തുടരും; ഒരു പുതുമുഖം മാത്രം
ശനിയാഴ്ചയായിരിക്കും അതിഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
ന്യൂഡൽഹി: ഡൽഹിയിൽ അതിഷി മന്ത്രിസഭയില്‍ നാല് മുൻ മന്ത്രിമാര്‍ തുടരും. സുൽത്താൻപൂർ മജ്‌റ നിയമസഭാംഗമായ മുകേഷ് അഹ്‍ലാവത് ആണ് മന്ത്രിസഭയിലെ പുതുമുഖം. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് തുടരുക.
മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴ് പേർ ആകാമെങ്കിലും നിലവിൽ ആറ് പേരാണുള്ളത്. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ കെജ്‌രിവാള്‍ മന്ത്രിസഭയിലെ രാജ്കുമാർ ആനന്ദ് രാജിവച്ചിരുന്നു. ഈ ഒഴിവാണ് ഇപ്പോഴും തുടരുന്നത്.
13 വകുപ്പുകളാണ് അതിഷി വഹിച്ചിരുന്നത്. ഈ സാഹചര്യത്തിൽ മന്ത്രിമാർക്കിടയിൽ വകുപ്പുകളുടെ വിഭജനവും മാറ്റമുണ്ടാവുമെന്നുമാണ് വിവരം. കഴിഞ്ഞദിവസം ചേർന്ന ആംആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന അതിഷി മർലേനയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. അതിഷിയുടെ പേര് കെജ്‌രിവാള്‍ നിർദേശിക്കുകയും എല്ലാവരും കൈയടിച്ച് പാസാക്കുകയുമായിരുന്നു.
അതേസമയം, ശനിയാഴ്ചയായിരിക്കും അതിഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഡൽഹി മദ്യനയ അഴിമതിക്കേസിൽ സുപ്രിംകോടതി ജാമ്യം നൽകിയതിനു പിന്നാലെ അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് അതിഷിയെ ആ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്.
ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തുവന്നത്. കെജ്‌രിവാൾ കൂടി അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചതും ഈ 43കാരിയായിരുന്നു.