മുംബൈയിൽ നാവികസേനയുടെ സ്പീഡ്ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് 13 മരണം
മരിച്ചവരിൽ മൂന്ന് പേർ നാവികസേന ഉദ്യോഗസ്ഥരാണ്
Update: 2024-12-19 02:03 GMT
മുംബൈ: മുംബൈയിൽ നാവികസേനയുടെ സ്പീഡ്ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് 13 മരണം. 101 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ മൂന്ന് പേർ നാവികസേന ഉദ്യോഗസ്ഥരാണ്.
ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് എലഫന്‍റാ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ടാണ് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട നാവികസേനയുടെ സ്പീഡ് ബോട്ട് യാത്ര ബോട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മറൈൻ പൊലീസും നേവിയും കോസ്റ്റ് ഗാർഡും അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതോടെയാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്‌ക്കാനായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു . അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തി.