അധ്യാപികമാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച സ്‌കൂൾ ഡയറക്ടർ അറസ്റ്റിൽ
നോയിഡയിലെ സെക്ടർ 70ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം.
ലഖ്‌നോ: അധ്യാപകരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച സ്‌കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം. ശുചിമുറിയിലെ ബൾബ് ഹോൾഡറിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. അധ്യാപകർ ശുചിമുറിയിൽ കയറുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ തന്റെ കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും ഡയറക്ടർ വീക്ഷിക്കുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച ശുചിമുറിയിലെ ബൾബ് ഹോൾഡറിൽ അസ്വാഭാവികമായ മങ്ങിയ വെളിച്ചം അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെത്തി പരിശോധിച്ച് ക്യമറയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് വിവരം സ്‌കൂൾ ഡയറക്ടർ നവനീഷ് സഹായിയെയും കോർഡിനേറ്ററെയും അറിയിച്ചെങ്കിലും ഇരുവരും യാതൊരു ഇടപെടലും നടത്തിയില്ല.
അധ്യാപികയുടെ പരാതിയിൽ നോയിഡ പൊലീസ് നടത്തിയ പരിശോധനയിൽ ക്യാമറ പ്രവർത്തനക്ഷമമാണെന്നും ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാതെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. തുടർന്നാണ് ഡയറക്ടർ നവനീഷ് സഹായിയെ അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരനാണ് ഡയറക്ടറാണ് ക്യമറ സ്ഥാപിച്ചതെന്ന് പൊലീസിനോട് പറഞ്ഞത്. 22,000 രൂപക്കാണ് ഓൺലൈനിൽനിന്ന് ഒളിക്യാമറ വാങ്ങിയതെന്ന് സ്‌കൂൾ ഡയറക്ടർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്‌കൂളിലെ ശുചിമുറിയിൽനിന്ന് നേരത്തെയും ഒളിക്യാമറ കണ്ടെത്തിയിരുന്നതായി അധ്യാപകർ പറഞ്ഞു.