'ഉദ്ധവ് സർക്കാറിനെ വീഴ്ത്താൻ മാസങ്ങൾ നീണ്ട ആസൂത്രണം'; വെളിപ്പെടുത്തലുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ

ശിവസേനയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ഉദ്ധവ് താക്കറെ സർക്കാറിനെ വീഴ്ത്തിയത് തങ്ങളാണെന്ന് ആദ്യമായാണ് ഒരു ബിജെപി നേതാവ് തുറന്നുപറയുന്നത്.

Update: 2022-10-08 04:38 GMT
Advertising

മുംബൈ: ശിവസേനയിൽ ഭിന്നതയുണ്ടാക്കി ഉദ്ധവ് താക്കറെ സർക്കാറിനെ വീഴ്ത്തിയത് തങ്ങളാണെന്ന് സമ്മതിച്ച് ബിജെപി നേതാവ്. പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷനും ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലാണ് വെള്ളിയാഴ്ച ഈ വെളിപ്പെടുത്തൽ നടത്തിയത്. മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കാൻ രണ്ടര വർഷമായി ആസൂത്രണം നടക്കുകയാണെന്ന് പൂനെയിലെ തിലക് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പാട്ടീലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. അടുത്തിടെ പാട്ടീൽ മന്ത്രിയായതിന് പിന്നാലെ ബിജെപി മഹാരാഷ്ട്ര സംസ്ഥാന ഘടകത്തിന്റെ ചുമതല ചന്ദ്രശേഖർ ബവൻകുലെയ്ക്ക് കൈമാറുകയായിരുന്നു.

''കഴിഞ്ഞ രണ്ടര വർഷമായി നമ്മുടെ സർക്കാർ വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ പറയാൻ എനിക്ക് ഭ്രാന്തൊന്നുമില്ലായിരുന്നു. നമ്മുടെ സർക്കാർ വരുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പ്രവർത്തകർക്ക് ഞാൻ ആത്മവിശ്വാസം നൽകുകയായിരുന്നു. യഥാർത്ഥത്തിൽ, രണ്ടര വർഷമായി ഞങ്ങൾ നമ്മുടെ സർക്കാരിനെ കൊണ്ടുവരാനുള്ള പദ്ധതിയിടുകയായിരുന്നു''- ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.

''മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രണ്ട് സീറ്റിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് സർക്കാറിനെ വീഴ്ത്തി അധികാരത്തിലെത്താൻ എളുപ്പമായിരുന്നു. കർണാടകയിലും സമാനമായിരുന്നു സ്ഥിതി. അവിടെ മൂന്ന് എംഎൽഎമാരുടെ കുറവ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ 40 എംഎൽഎമാരെ ആവശ്യമുണ്ടായിരുന്നു. അത് നേടിയെടുക്കാൻ എളുപ്പമായിരുന്നില്ല, പക്ഷേ മാസങ്ങൾ നീണ്ട കൃത്യമായ പ്ലാനിങ്ങിനൊടുവിൽ നമ്മൾ അത് നേടി''-പാട്ടീൽ പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പിന് ശേഷം ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ശിവസേന എൻഡിഎയിൽ നിന്ന് വേർപിരിഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലാണ് മത്സരിച്ചത്. പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമുണ്ടായപ്പോൾ ഉദ്ധവ് താക്കറെ എൻസിപിയും കോൺഗ്രസും ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളെ പിന്തുണച്ച് മഹാവികാസ് അഘാഡി സഖ്യത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.

രണ്ടര വർഷത്തിന് ശേഷം, ശിവസേനയിൽ വിമത ശബ്ദമുയർത്തിയ ഏകനാഥ് ഷിൻഡെ വിഭാഗം ബിജെപിയുമായി ചേർന്ന് സംസ്ഥാനത്ത് സഖ്യസർക്കാർ രൂപീകരിക്കുകയായിരുന്നു. ജൂൺ 30ന് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസിന് പകരം ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചത് കടുത്ത മനസ്സോടെയാണെന്ന് അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് പാട്ടീലിന്റെ സ്വന്തം നിലപാടാണെന്നും പാർട്ടിയുടെ നിലപാടുമല്ലെന്നും വ്യക്തമാക്കി ബിജെപി നേതാവ് ആശിഷ് സെല്ലർ രംഗത്തെത്തുകയുണ്ടായി. സാധാരണ പ്രവർത്തകരുടെ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നാണ് ആശിഷ് സെല്ലാർ ചൂണ്ടിക്കാട്ടിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News