ഡൽഹി റോഹിംഗ്യ ക്യാംപിലെ പള്ളി യുപി പൊലീസ് പൊളിച്ചുനീക്കി
ഡൽഹിയിലെ മദൻപൂർ ഖാദർ പ്രദേശത്തുള്ള 2.10 ഹെക്ടർ ഭൂമിയിലാണ് ഉത്തർപ്രദേശ് ഭരണകൂടത്തിന്‍റെ നടപടി. റോഹിംഗ്യ കുടിയേറ്റക്കാർ അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് യുപി അധികൃതര്‍ സംഭവത്തോട് പ്രതികരിച്ചത്
ഡൽഹിയിലെ റോഹിംഗ്യ ക്യാംപിലുള്ള പള്ളി ഉത്തർപ്രദേശ് പൊലീസ് പൊളിച്ചുനീക്കി. യുപിയുമായി അതിർത്തി പങ്കിടുന്ന മദൻപൂർ ഖാദർ മേഖലയിൽ സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാംപിലുള്ള താൽക്കാലിക പള്ളിയാണ് പൊലീസ് ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്.
ടാർപോളിനും മുളയും കൊണ്ടു വലിച്ചുകെട്ടി നിർമിച്ച പള്ളിയിൽ ഇന്നു രാവിലെ ഏഴിനായിരുന്നു യുപി അധികൃതര്‍ ബുൾഡോസറുമായെത്തിയത്. ഇവിടെയുണ്ടായിരുന്ന അഭയാർത്ഥികളുടെ എതിർപ്പ് അവഗണിച്ചായിരുന്നു പള്ളി പൊളിച്ചത്. എന്നാല്‍ തകര്‍ത്തത് പള്ളിയല്ല, പൊളിഞ്ഞുവീഴാറായ കൂടാരമാണെന്നാണ് കാളിന്ദി കുഞ്ച് പൊലീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. പള്ളി തകർത്തതിനെക്കുറിച്ച് അറിയില്ലെന്ന് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് പ്രവീർ സിങ്ങും പ്രതികരിച്ചു.
പ്രഭാത നിസ്‌കാരം കഴിഞ്ഞതിനു പിറകെയാണ് സ്ഥലത്ത് അധികൃതരെത്തി പൊളിച്ചുനീക്കൽ നടപടികൾ ആരംഭിച്ചതെന്ന് ക്യാംപിലെ ഒരു അന്തേവാസി പറഞ്ഞു. പത്തു മിനിറ്റുകൊണ്ടാണ് എല്ലാം തകർത്തുകളഞ്ഞത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അഭയാർത്ഥികൾ പ്രതിഷേധിച്ചെങ്കിലും പൊലീസ് നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഭൂമി കൈയേറി കുടില്‍ കെട്ടി ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരെന്ന് പൊലീസ് ഇവരെ ആക്ഷേപിക്കുകയും ചെയ്തു.
അതേസമയം, റോഹിംഗ്യ കുടിയേറ്റക്കാർ അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഡൽഹിയിലെ മദൻപൂർ ഖാദർ പ്രദേശത്തുള്ള 2.10 ഹെക്ടർ ഭൂമിയിലാണ് യുപി ഭരണകൂടത്തിന്‍റെ നടപടി. ഉത്തർപ്രദേശ് ജലസേചന വകുപ്പിന്റേതായിരുന്നു ഭൂമിയെന്നും ഡൽഹി സർക്കാരിന്റെ അനുമതിയോടെയാണ് ഭൂമി തിരിച്ചുപിടിച്ചതെന്നും യുപി വൃത്തങ്ങള്‍ പ്രതികരിച്ചു.
മ്യാന്മർ ഭരണകൂടത്തിന്റെ പീഡനങ്ങളെത്തുടര്‍ന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച 300ഓളം റോഹിംഗ്യകളാണ് ഇപ്പോൾ ഡൽഹിയിലെ ക്യാംപിലുള്ളത്. കഴിഞ്ഞ മാസം 12ന് ക്യാംപിൽ വൻതീപ്പിടിത്തമുണ്ടായിരുന്നു.