നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി, കാർ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപെട്ടു; മിഹിർ ഷാ പൊലീസ് കസ്റ്റഡിയിൽ
മൽസ്യവിൽപ്പനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ ശിവസേന നേതാവിന്റെ മകൻ കൂടിയായ മിഹിർ ഷായെ ഏഴ് ദിവസത്തേക്കാണ് മുംബൈ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്
ഡൽഹി: ആഡംബര കാർ ഇടിച്ച് മത്സ്യവിൽപനക്കാരിയായ കാവേരി മരിച്ച സംഭവത്തിൽ പ്രതിയും ശിവസേന (ഷിൻഡെ) നേതാവിൻ്റെ മകനുമായ മിഹിർ ഷാ പൊലീസ് കസ്റ്റഡിയിൽ. ജൂലൈ 16 വരെ ഏഴ് ദിവസത്തേക്കാണ് മുംബൈ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഏകദേശം 72 മണിക്കൂർ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് മിഹിറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ക്രൂരവും ഹൃദയശൂന്യവുമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് വിചാരണക്കിടെ മുംബൈ പോലീസ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പറഞ്ഞു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത് ആരാണെന്ന് കണ്ടെത്താനും കാറിൻ്റെ നമ്പർ പ്ലേറ്റ് ഇനിയും കണ്ടെത്താനാകാത്തതിനാലും പരമാവധി കസ്റ്റഡി നൽകണമെന്നാണ് എസ് പി ഭോസാലെ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതിക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോയെന്നും അപകടശേഷം മിഹിർ ഉപേക്ഷിച്ചുവെന്ന് പറയപ്പെടുന്ന കാറിൻ്റെ നമ്പർ പ്ലേറ്റിന് എന്ത് സംഭവിച്ചെന്നും കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, മിഹിറിനെയും ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തതായി മിഹിറിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇവരുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മിഹിറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസിന് യാതൊരു കാരണവുമില്ലെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. അപകടം നടന്ന് മൂന്നുദിവസത്തിന് ശേഷമാണ് 24 കാരനായ മിഹിർ മുംബൈയ്ക്ക് സമീപമുള്ള വിരാറിൽ പിടിയിലാകുന്നത്.
അപകടസമയം മിഹിർ മദ്യപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാനായിട്ടില്ല. ഞായറാഴ്ച രാവിലെ സൗത്ത് സെൻട്രൽ മുംബൈയിലെ വോർലി മേഖലയിൽ മിഹിർ ഷാ ഓടിച്ചിരുന്ന ബിഎംഡബ്ള്യു കാർ പിന്നിൽ നിന്ന് ഇരുചക്രവാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് കാവേരി നഖ്‌വ (45) മരിച്ചത്. ഇവരുടെ ഭർത്താവ് പ്രദീപ് പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. അപകടം നടന്നതിന് പിന്നാലെ കാർ ഡ്രൈവറെ ഏല്പിച്ച ശേഷം ഒരു ഓട്ടോറിക്ഷയിൽ മിഹിർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സബർബൻ ഗോരേഗാവിലെ കാമുകിയുടെ വീട്ടിലേക്കാണ് ഇയാൾ പോയതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, മിഹിർ ഷായുടെ പിതാവ് രാജേഷ് ഷായെ ശിവസേനയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ശിവസേന സെക്രട്ടറി സഞ്ജയ് മോർ അറിയിച്ചു. പാർട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയാണ് നടപടിയെടുത്തത്. പൽഘാർ ജില്ലയിലെ ശിവസേനയുടെ ഡപ്യൂട്ടി ലീഡറായിരുന്നു രാജേഷ് ഷാ.