കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു; ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് കൊലക്കേസ് പ്രതി

കല്യാണിലെ കോടതിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം

Update: 2024-12-23 11:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

താനെ: മഹാരാഷ്ട്രയിലെ താനെയിലെ സെഷൻസ് കോടതിയിൽ ഹിയറിംഗിന് ഹാജരാകുന്നതിനിടെ 22 കാരനായ കൊലക്കേസ് പ്രതി ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞു. ചെരിപ്പ് ജഡ്ജിയുടെ ദേഹത്ത് തട്ടിയില്ലെന്നും പകരം അദ്ദേഹത്തിന്‍റെ മേശയ്ക്ക് മുന്നിലുള്ള തടി ഫ്രെയിമിൽ ഇടിക്കുകയും ബെഞ്ച് ക്ലർക്കിന് സമീപം വീഴുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ പിടിഐ റിപ്പോർട്ട് ചെയ്തു. കല്യാണിലെ കോടതിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതി കിരൺ സന്തോഷ് ഭരമാണ് ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞത്. തനിക്കെതിരായ കൊലപാതകക്കേസിൽ വാദം കേൾക്കുന്നതിനായി ജില്ലാ, അഡീഷണൽ സെഷൻസ് ജഡ്ജി ആർ.ജി വാഗ്മറെ മുമ്പാകെ ഹാജരായതായിരുന്നു കിരണെന്ന് മഹാത്മ ഫുലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. വാദം കേൾക്കുന്നതിനിടെ, തന്‍റെ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ കിരണ്‍ ജഡ്ജിയോട് അഭ്യർഥിച്ചു. പ്രതിയുടെ അഭിഭാഷകന്‍റെ പേര് വിളിച്ചെങ്കിലും അദ്ദേഹം കോടതിയിൽ ഹാജരായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടര്‍ന്ന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പെട്ടെന്ന് കിരണ്‍ സ്വന്തം ചെരിപ്പഴിച്ച് ജഡ്ജിക്ക് നേരെ എറിയുകയായിരുന്നു.

ഈ വർഷമാദ്യം, പോക്‌സോ കേസ് വിചാരണയുടെ അന്തിമ വാദത്തിനിടെ ദിൻദോഷി സെഷൻസ് കോടതി ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞതിന് മുംബൈയിൽ ഒരാൾക്കെതിരെ കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 2017-ൽ താനെ ജയിലിലായ പ്രതി 2019 മുതൽ വിചാരണ നേരിടുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News