ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്നത് വംശഹത്യാ ആക്രമണങ്ങൾ, ലീഗ് എം.പിമാർ നാളെ ജഹാംഗീർപുരി സന്ദർശിക്കും: പി.കെ കുഞ്ഞാലിക്കുട്ടി
പ്രദേശത്തെ തുടർപ്രവർത്തനങ്ങൾ പാർട്ടിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം
രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾക്ക് എതിരായി ആസൂത്രിതമായ വംശഹത്യ സ്വഭാവത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നും ഹനുമാൻ ജയന്തി ദിനത്തിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പലരുടെയും കെട്ടിടം പൊളിച്ച ജഹാംഗീർപുരി മുസ്‌ലിം ലീഗ് എം.പിമാരുടെ സംഘം നാളെ സന്ദർശിക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രദേശത്തെ തുടർപ്രവർത്തനങ്ങൾ പാർട്ടിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ അഡ്വ. ഫൈസൽ ബാബുവിനെയും ഷിബു മീരാനേയും ചുമതലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, കെ നവാസ് ഖനി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മർ, യൂത്ത് ലീഗ് നാഷണൽ പ്രസിഡൻറ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ഷിബു മീരാൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടാവുക. യൂത്ത് ലീഗ് ദേശീയ നേതാക്കൾ നേരത്തെ സമരമുഖത്തുണ്ട്.
ഭരണകൂടങ്ങൾ തന്നെ ആക്രമണങ്ങൾക്ക് കൂട്ട് നിൽക്കുകയും ആക്രമികളെ സഹായിക്കുകയും ചെയ്യുന്ന ദൗർഭാഗ്യകരമായ അവസ്ഥയാണ് ന്യൂനപക്ഷങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്നും അതിന്റെ ബാക്കിപത്രമാണ് രാജ്യ തലസ്ഥാനത്തെ ജഹാംഗീർ പൂരിയിൽ ഇന്നലെ സംഭവിച്ചതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. സുപ്രിംകോടതിയുടെ വിധിയെ പോലും യഥാസമയം പാലിക്കാൻ തയ്യാറല്ലാത്ത ആക്രമിക്കൂട്ടങ്ങളായി അധഃപതിച്ചിരിക്കുകയാണ് പല ഭരണ സംവിധാനങ്ങളുമെന്ന് കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മേഖലകളിൽ ന്യൂനപക്ഷ സമൂഹം വലിയ ഭയപ്പാടിലൂടെയും അരക്ഷിതാവസ്ഥയിലൂടെയുമാണ് കടന്ന് പോവുന്നതെന്നും പതിറ്റാണ്ടുകളായി ജീവിക്കുന്ന ചെറിയ സംവിധാനം പോലും ഒറ്റ ദിവസം കൊണ്ട് ഇന്നവർക്ക് നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോടതിയുടെ വിധി തീർപ്പിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ജഹാംഗീർപുരിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള സുപ്രിംകോടതി സ്റ്റേ തുടരുകയാണ്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്താണ് നടക്കുന്നതെന്ന് കോടതി വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
ജഹാംഗിർപുരിയിലെ കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട അഞ്ച് ഹരജികളിലാണ് സുപ്രിംകോടതി ഇന്ന് വാദംകേട്ടത്. ദേശീയ പ്രാധ്യാന്യമുള്ള വിഷയമാണെന്നും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നതെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹരജിക്കാർക്കായി വാദിച്ചു. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് 15 ദിവസം മുൻപ് ഉടമസ്ഥർക്ക് നോട്ടീസ് നൽകണം. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് കോർപ്പറേഷൻ ഏകപക്ഷീയമായ നടപടി സ്വീകരിച്ചതെന്നും ദവെ വ്യക്തമാക്കി. തൽസ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടും മണിക്കൂറുകളോളം പൊളിച്ചുനീക്കൽ തുടർന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അഭിഭാഷകർ അറിയിച്ചു.
മുന്നറിയിപ്പില്ലാതെയാണ് ഇന്നലെ കിഴക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുൻപ് ഉടമകൾക്ക് നോട്ടീസ് നൽകണമെന്ന നടപടി പോലും ഡൽഹി കോർപ്പറേഷൻ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുൽ ഉലമ ഹിന്ദ് ഉൾപ്പെടുള്ളവർ സുപ്രിംകോടതിയെ സമീപിച്ചത്.
Muslim League MPs to visit Jahangirpuri tomorrow: PK Kunhalikutty