അഫ്സ്പ റദ്ദാക്കണം: നാഗാലാൻഡ് സർക്കാർ കേന്ദ്രത്തിന് കത്തയക്കും

സുരക്ഷാസേനയുടെ വെടിവെപ്പിൽ 15 ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം .

Update: 2021-12-07 08:30 GMT
Advertising

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ റദ്ദാക്കണമെന്ന് നാഗാലാൻഡ് സർക്കാർ. ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തയക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുരക്ഷാസേനയുടെ വെടിവെപ്പിൽ 15 ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം .

സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം റദ്ദാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് സംസ്ഥാന സർക്കാർ തന്നെ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുന്നത്. നിയമം പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം നാഗാലാന്‍ഡ് മുഖ്യമന്ത്രിയും മേഘാലയ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു.

വെടിവെപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനു മുന്നിൽ ചില ആവശ്യങ്ങൾ മുന്നോട്ട് വെച്ചിരിക്കുകയാണ് പ്രബല ഗോത്ര വിഭാഗ സംഘടനയായ കൊന്യാക് യൂണിയൻ. കുറ്റക്കാരായ സൈനികർക്കെതിരെ നടപടി എടുക്കുക, സായുധ സേന പ്രത്യേകാധികാര നിയമം പിൻവലിക്കുക, അസം റൈഫിൾസിനെ മോൺ ജില്ലയിൽ നിന്ന് മാറ്റുക എന്നിവയാണ് ആവശ്യങ്ങള്‍. സ്വതന്ത്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും കൊന്യാക് യൂണിയൻ ആവശ്യപ്പെട്ടു. വെടിവെപ്പിൽ മനുഷ്യാവകാശ കമ്മീഷൻ കൂടി കേസ് എടുത്തതും ബിജെപി സഖ്യകക്ഷികളായ സർക്കാരുകളുടെ ആവശ്യവും കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലായിരിക്കുകയാണ്.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ തീരുമാനിക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News