ഒമിക്രോൺ കണ്ടെത്താന്‍ ആർ.ടി.പി.സി.ആർ കിറ്റ്; ഫലം നാല് മണിക്കൂറിനകം
ഒമിഷുവര്‍ എന്നാണ് കിറ്റിന്‍റെ പേര്.
ഒമിക്രോൺ കണ്ടെത്താനുള്ള ആർ.ടി.പി.സി.ആർ കിറ്റ് വികസിപ്പിച്ചതായി കേന്ദ്രം. പുതിയ കിറ്റിലൂടെ നാല് മണിക്കൂറിനകം ഫലം അറിയാൻ സാധിക്കും. ടാറ്റ ഡയഗ്നോസ്റ്റിക്സും ഐ.സി.എം.ആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്. ഒമിഷുവര്‍ എന്നാണ് കിറ്റിന്‍റെ പേര്.
രാജ്യത്തെ കോവിഡ് കേസുകളിലെ വർധനവിൽ ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. പ്രതിദിന കേസുകളുടെ എണ്ണം അരലക്ഷത്തിലെത്തി. ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2135 ആയി. 24 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 828 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 653 പേര്‍ക്ക്. ഡല്‍ഹിയില്‍ 464 പേര്‍ക്കും കേരളത്തില്‍ 185 പേര്‍ക്കും രാജസ്ഥാനില്‍ 174 പേര്‍ക്കും ഗുജറാത്തില്‍ 154 പേര്‍ക്കും തമിഴ്നാട്ടില്‍ 121 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ഡൽഹിയിൽ മൂന്നാം തരംഗമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി ഉയർന്നെന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഞായറാഴ്ച ലോക്ഡൗണും പ്രഖ്യാപിച്ചു.
സങ്കീർണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സംസ്ഥാനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശം നൽകി. പ്രതിവാര കേസുകൾ ഒന്നരലക്ഷം കടന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി. ഡൽഹിയിൽ രോഗവ്യാപനം രൂക്ഷമാകുന്നുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി ഉയർന്നെന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഡൽഹിക്കു പുറമേ കർണാടകയും ബിഹാറും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി.