"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജമ്മു കശ്മീരിൽ നിന്ന് തുടങ്ങണം" ; ഒമർ അബ്ദുള്ള

'നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ജമ്മു കശ്മീരിൽ ഇതിന് സുവർണാവസരം'; ഒമർ അബ്ദുള്ള

Update: 2024-03-16 05:14 GMT
Editor : ശരത് പി | By : Web Desk
Advertising


ശ്രീനഗർ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താൻ ജമ്മു കശ്മീരിൽ സുവർണാവസരമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള.

ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ പരാജയപ്പെട്ടതിനാൽ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും പ്രതീക്ഷകളൊന്നുമില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള തിയതികൾ പ്രഖ്യാപിക്കുന്നതിന് അനുബന്ധിച്ചായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രസ്താവന.

കഴിഞ്ഞ പത്തു വർഷമായി ജമ്മു കശ്മീരിൽ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളൊന്നും സംഘടിപ്പിച്ചിട്ടില്ലാത്തതിനാൽ, ഈ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

'തെരഞ്ഞെടുപ്പ് കമ്മീഷനിൽ എനിക്ക് പ്രതീക്ഷകളൊന്നുമില്ല, രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കുക എന്നതാണ് കമ്മീഷന്റെ ദൗത്യം, എന്നാൽ കഴിഞ്ഞ പത്ത് വർഷങ്ങളായി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പുകളൊന്നും നടന്നിട്ടില്ല, മുൻ പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ജമ്മു കശ്മീരിൽ ഇത് തുടങ്ങാനുള്ള സുവർണാവസരമുണ്ട്. ഇവിടെ നിന്ന് ഈ പദ്ധതി തുടങ്ങിയില്ലെങ്കിൽ എന്ത് പ്രതീക്ഷകളാണ് ഒരു ജമ്മു പൗരന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്'- എന്ന് അബ്ദുള്ള ചോദ്യമുന്നയിച്ചു.

കശ്മീരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ മത്സരിക്കാൻ നാഷനൽ കോൺഫറൻസ് തീരുമാനിച്ചിട്ടുണ്ടെന്നും, ഉചിതമായ സമയത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അബ്ദുള്ള പറഞ്ഞു.

വ്യാഴാഴ്ചയാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്ട്രപതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്.

ഏഴു മാസം നീണ്ട പഠനത്തിനുശേഷമാണ് സമിതി 18,626 പേജുകളുള്ള റിപ്പോർട്ട് സമർപ്പിച്ചത്. എട്ട് വാല്യങ്ങളിൽ ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനക്കും മറ്റ് നിയമപരമായ ചട്ടക്കൂടുകൾക്കും കീഴിലുള്ള നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, ലോക്സഭ, നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി സമർപ്പിച്ചിരിക്കുന്നത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News