സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവിന് വൺപ്ലസ് നഷ്ടപരിഹാരം നൽകി

സ്ഫോടനത്തിൽ പരുക്കേറ്റ വൺപ്ലസ് നോർഡ് 2 5ജി ഉപയോക്താവിന് ഫോണിന്റെ വിലയും ചികിത്സാ ചെലവും ലഭിച്ചുവെന്നാണ് റിപ്പോർട്ട്

Update: 2021-11-12 03:27 GMT
Editor : Dibin Gopan | By : Web Desk
Advertising

സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവിന് വൺപ്ലസ് നഷ്ടപരിഹാരം നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ പരുക്കേറ്റ വൺപ്ലസ് നോർഡ് 2 5ജി ഉപയോക്താവിന് ഫോണിന്റെ വിലയും ചികിത്സാ ചെലവും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് സംഭവം. ഫോൺ പൊട്ടിത്തെറി സംഭവത്തിൽ കമ്പനിയും അന്വേഷണം നടത്തിയിരുന്നു. തുടർന്ന് വൺപ്ലസ് റീഫണ്ട് നൽകിയെന്നും ഉപയോക്താവിന്റെ ചികിത്സാ ചെലവുകൾ വഹിക്കാൻ തയാറാണെന്ന് അറിയിച്ചെന്നുമാണ് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത്.

ഉപയോക്താവിനെ ഉദ്ധരിച്ച് മൈസ്മാർട്‌പ്രൈസ് ആണ് നഷ്ടപരിഹാരം നൽകിയതായി റിപ്പോർട്ട് ചെയ്തത്. പരുക്കേറ്റ ഉപയോക്താവിന് സഹായം നൽകാമെന്ന് അറിയിച്ച് കമ്പനിയുടെ ഓപ്പറേഷൻ മേധാവി ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, വൺപ്ലസ് ഈ വിഷയത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

യുവാവിന്റെ പോക്കറ്റിലിരുന്ന സ്മാർട് ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമം വഴി ഒരു ഉപയോക്താവ് തന്റെ നോർഡ് 2 പൊട്ടിത്തെറിച്ചുവെന്ന് പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കമ്പനി ഗൗരവമായി കാണുന്നുവെന്നും കൂടുതൽ അന്വേഷണത്തിനായി വിശദാംശങ്ങൾ ശേഖരിക്കാൻ ഇതിനകം തന്നെ ഉപയോക്താവിനെ സമീപിച്ചിട്ടുണ്ടെന്നും വൺപ്ലസ് അറിയിച്ചിരുന്നു.

നേരത്തെ, മറ്റൊരു ട്വിറ്റർ ഉപയോക്താവും വൺപ്ലസ് നോർഡ് 2 പൊട്ടിത്തെറിച്ചതായി അവകാശപ്പെടുകയും പിന്നീട് പൊട്ടിത്തെറിച്ച ഹാൻഡ്‌സെറ്റിന്റെ ഫോട്ടോകളൊന്നും അപ്ലോഡ് ചെയ്യാതെ പോസ്റ്റ് നീക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News