'ഇന്‍ഡ്യ'യുടെ ശക്തിപ്രകടന വേദിയായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം

എല്ലാവരും കൈകോര്‍ത്തു പിടിച്ച് മുദ്രാവാക്യം വിളിച്ചതോടെ സമാപനവേദി ഇന്‍ഡ്യ മുന്നണിയുടെ ഐക്യവേദിയായി മാറി

Update: 2024-03-18 01:45 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: ഇന്‍ഡ്യ മുന്നണിയുടെ ശക്തിപ്രകടന വേദിയായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനവേദി. സിപിഎം സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെ 'ഇന്‍ഡ്യ' സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനവേദിയായ മുംബൈയിലെ ശിവജി പാര്‍ക്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്‍ഡ്യ സഖ്യം തുടക്കമിട്ടത്. എല്ലാവരും കൈകോര്‍ത്തു പിടിച്ച് മുദ്രാവാക്യം വിളിച്ചതോടെ സമാപനവേദി ഇന്‍ഡ്യ മുന്നണിയുടെ ഐക്യവേദിയായി മാറി.

മോദി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധിയും ഇന്‍ഡ്യ സഖ്യ നേതാക്കളും ഉയര്‍ത്തിയത്. രാജാവിന്റെ ആത്മാവ് ഇവിഎമ്മില്‍ ആണെന്നും ഇവിഎം മാറ്റിയാല്‍ നരേന്ദ്രമോദി പരാജയപ്പെടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മോദിയുടെ ആത്മാവ് ഇവിഎമ്മിലും അന്വേഷണ ഏജന്‍സികളിലും ആണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

മോദി നുണകളുടെ ഫാക്ടറിയെന്നായിരുന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ വിമര്‍ശനം. മോദിയും ബിജെപിയും 400 സീറ്റുകള്‍ ചോദിക്കുന്നത് ഭരണഘടനയെ തിരുത്തി എഴുതാന്‍ ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയെ ഭാവിയുടെ പ്രതീക്ഷ എന്നാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. ഇന്‍ഡ്യ സഖ്യം ഡല്‍ഹി പിടിക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. മണിപ്പൂരില്‍ നിന്ന് ജനുവരി 13 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെ 63 ദിവസം പിന്നിട്ടാണ് മുംബൈയില്‍ സമാപിച്ചത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News