കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണം; യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നും പി ചിദംബരം
സി.ഡബ്ല്യു.സി തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം വ്യക്തിപരമായ മോഹങ്ങളില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. 12 അംഗങ്ങളെ പാർട്ടി ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പിലൂടെ പ്രവർത്തക സമിതിയിൽ എത്തിക്കണം. യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവർത്തക സമിതിയിലെ പകുതി അംഗങ്ങളും എ.ഐ.സി.സി ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെടണം. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയെ (സി.ഡബ്ല്യു.സി) തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജിന്റെ ശക്തി സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ട്. അത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന സി.ഡബ്ല്യു.സിയിലേക്കുള്ള തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോടായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. സി.ഡബ്ല്യു.സി തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം വ്യക്തിപരമായ മോഹങ്ങളില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രായം കുറഞ്ഞ അംഗങ്ങളെ തെരഞ്ഞെടുത്ത് സി.ഡബ്ല്യു.സിയിലേക്ക് നാമനിർദേശം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ഘടകങ്ങൾ രാജ്യത്തിന്റെയും പാർട്ടിയുടേയും വൈവിധ്യത്തെ പ്രതിഫലിപ്പിക്കണമെന്നും സി.ഡബ്ല്യു.സി തെരഞ്ഞെടുക്കപ്പെടുന്ന സമയം വരെ പ്രവർത്തിക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമായ ചിദംബരം കൂട്ടിച്ചേർത്തു.