യു.പിയിലെ ഏറ്റുമുട്ടൽ കൊലകളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്.

Update: 2023-04-17 02:12 GMT
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി. മുൻ സമാജ്‌വാദി പാർട്ടി എം.പി അതീഖ് അഹമ്മദും സഹോദരനും ഏറ്റുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതടക്കമുള്ള കൊലപാതകങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നത്. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

2017 മുതൽ ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടലുകളിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അതീഖും സഹോദരൻ അഷ്‌റഫും വെടിയേറ്റു മരിച്ചത്. വൈദ്യപരിശോധനക്കെത്തിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കിയാണ് കൊലയാളി സംഘം വകവരുത്തിയത്. മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ കൊലയാളികൾ ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു.

അതീഖിന്റെ മകൻ അസദിനെ ഏപ്രിൽ 13-ന് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നിരുന്നു. യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ ആറു വർഷത്തിനിടെ 183 കുറ്റവാളികളെ വധിച്ചതായും ഇതിൽ അസദും കൂട്ടാളികളും ഉൾപ്പെടുന്നുവെന്നും യു.പി പൊലീസ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ജനാധിപത്യത്തിനും നിയമവാഴ്ചക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നും രാജ്യം പൊലീസ് സ്റ്റേറ്റിലേക്ക് മാറാൻ കാരണമാകുമെന്നും ഹരജിയിൽ പറയുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ പൊലീസ് ഒരിക്കലും അന്തിമ വിധി പുറപ്പെടുവിക്കുന്നവരാകരുത്. ശിക്ഷിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക് മാത്രമാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News